തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് സ്‌റ്റേ ചെയ്‌ത് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍(Transfer Of Higher Secondary Teachers). നിരവധി പരാതികള്‍ക്കും, അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, ഹൈക്കോടതി ഇടപെടലുകള്‍ക്കും ശേഷം ഈ കഴിഞ്ഞ വെള്ളിയാഴ്‌ച (16-02-2024) പുറപ്പെടുവിച്ച ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവാണ് സ്‌റ്റേ ചെയ്‌തത് (Kerala Administrative Tribunal Stayed The Order).
മാനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയതെന്നും പത്തുദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രിബ്യൂണൽ നിർദേശം നൽകി. ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്‌റ്റേഷൻ ഡ്യൂട്ടിക്ക് മതിയായ മുൻഗണന നൽകണം എന്നും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിർദേശിച്ചു.
എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവിൽ ഈ ചട്ടം ലംഘിച്ചുവെന്നാണ് ട്രിബ്യൂണൽ കണ്ടെത്തിയത്. 2023 മെയ് 31 ന് മൂന്നുവർഷം ഹയർസെക്കൻഡറി സർവീസ് പൂർത്തിയാക്കിയ അധ്യാപകര്‍ക്കും നാലും അഞ്ചും വർഷമായി ഇതര ജില്ലകളിൽ ജോലിചെയ്യുന്ന അധ്യാപകർക്കുമാണ് സ്ഥല മാറ്റ ഉത്തരവ് പ്രയോജനപ്പെടുക. ട്രിബ്യൂണൽ വിധിക്ക് പിന്നാലെ സ്ഥലംമാറ്റ നടപടികൾ നിർത്തിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാൻ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അന്യ ജില്ലയില്‍ ചെയ്‌ത സേവനം പരിഗണിക്കണം : ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോള്‍ മുന്‍പ് അന്യ ജില്ലയില്‍ ചെയ്‌ത സേവനത്തിന് മതിയായ മുന്‍ഗണന നല്‍കണമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു(Higher Secondary Teachers General Transfer Norm's). ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തേ കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.
പൊതുസ്ഥലംമാറ്റത്തില്‍ മാതൃ ജില്ലയോ സമീപ ജില്ലയോ ആവശ്യപ്പെടുന്നവര്‍ക്ക് അവരുടെ കഴിഞ്ഞകാലങ്ങളിലെ ഔട്ട് സ്‌റ്റേഷന്‍ ഡ്യൂട്ടി കൂടി പരിഗണിച്ചാകണം പുതിയ സ്ഥലംമാറ്റം നല്‍കേണ്ടത് എന്നായിരുന്നു ട്രിബ്യൂണലിന്‍റെ ആദ്യ ഉത്തരവ്. സമീപ ജില്ല എന്ന കോടതി നിര്‍ദ്ദേശത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പൊതു സ്ഥലംമാറ്റത്തിന് മാതൃ ജില്ല പരിഗണിക്കുമ്പോള്‍ മാത്രമാണ് ഔട്ട് സ്‌റ്റേഷന്‍ ഡ്യൂട്ടി പരിഗണിച്ചിരുന്നത്. സര്‍ക്കാരിന്‍റെ ഈ നയത്തിന് വിരുദ്ധമാണ് കോടതിയുടെ പുതിയ ഉത്തരവ്.
ALSO READ : ഇനി മാതൃഭാഷയിൽ പഠിക്കാം ; പാഠപുസ്‌തകങ്ങൾ വിവർത്തനം ചെയ്യാൻ കേന്ദ്ര നിർദേശം
അന്യ ജില്ലകളിലെ സേവനത്തിന്‍റെ അടിസ്ഥാനത്തിലാകണം പൊതു സ്ഥലം മാറ്റത്തില്‍ അപേക്ഷ പരിഗണിക്കേണ്ടതെന്ന് 2019 ലെ പൊതുസ്ഥലംമാറ്റ മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാകണം പൊതു സ്ഥലംമാറ്റം ഉണ്ടാകേണ്ടതെന്ന കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും ഇതിന് വിരുദ്ധമായ നിലപാടാണ് സ്ഥലം മാറ്റ പട്ടികയില്‍ കാണപ്പെടുന്നതെന്ന ആരോപണം ശക്തമാണ്.