കോട്ടയം : ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്‌ത് തോട്ടില്‍ വീണ കാര്‍ പുറത്തെടുത്തു. മണിക്കൂറുകളോളം തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടന്ന വാഹനം 11 മണിയോടെയാണ് നാട്ടുകാരുടെയും പൊലീസിന്‍റെയും സഹായത്തോടെ പുറത്തെടുത്തത്. കോട്ടയം കുറുപ്പന്തറയിൽ വളവ് തിരിയുമ്പോഴായിരുന്നു അപകടം. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശികളായ നാലുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഫോഡ് എൻഡവർ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചതായിരുന്നുവെന്നും കാർ വെളളത്തിലേക്ക് ഇറക്കിയ ശേഷമാണ് അപകടം മനസിലായതെന്നും യാത്രക്കാർ പറഞ്ഞു. മഴ കനത്തുപെയ്‌തതിനാൽ തോട് നിറഞ്ഞ് കവിഞ്ഞിരിക്കുകയായിരുന്നു, കൂടാതെ ഇരുട്ടായതിനാൽ മുന്നിൽ വെളളമാണെന്ന് മനസിലായതുമില്ല.
കാർ 200 മീറ്ററോളം ഒഴുകിപ്പോയി തോടിന്‍റെ ഒരുഭാഗത്ത് കരയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ഡിക്കി തുറന്നാണ് നാലുപേരും രക്ഷപ്പെട്ടത്. തൊട്ടടുത്തുള്ള വീട്ടില്‍ എത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് പൊലീസും സ്ഥലത്തെത്തി. രാവിലെയാണ് വാഹനം കണ്ടെത്തി പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.
ക്രെയിന്‍ ഉപയോഗിച്ച് ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കാർ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. സമീപത്ത് ദിശ വ്യക്തമാക്കുന്ന ബോർഡുകൾ ഇല്ലാത്തതിനാല്‍ അപകടങ്ങൾ കൂടുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ALSO READ: അതിരപ്പിള്ളിയില്‍ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്