പത്തനംതിട്ട: എംസി റോഡില്‍ ടൂറിസ്റ്റ് ബസും ചരക്കുലോറിയും കൂട്ടിയിട്ടിച്ച് അപകടം. അപകടത്തില്‍ ബസ് ഡ്രൈവര്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി മിഥുൻ (30) മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കുളനട ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം ഇന്ന് (ഓഗസ്റ്റ് 25) രാവിലെ 6.45 ഓടെയായിരുന്നു അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ടൂറിസ്റ്റ് ബസും തമിഴ്‌നാട്ടില്‍ നിന്ന് സിമന്‍റ് കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് എതിർ ദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു.
വാഹനങ്ങള്‍ കൂട്ടിയിട്ടിച്ച ആഘാതത്തില്‍ ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും രണ്ട് മണിക്കൂറുകളോളം പരിശ്രമിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബസ് ഡ്രൈവറുടെ ജീവന്‍ രക്ഷിക്കാനായില്ല.
ബസിലുണ്ടായിരുന്ന 45 യാത്രക്കാരെയും സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡില്‍ രണ്ടു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു.
Also Read: തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ട്രക്കുമായി കൂട്ടിയിടിച്ചു; ഏഴ് പേർക്ക് ദാരുണാന്ത്യം