കോട്ടയം: ബൈക്ക് അപകടത്തെ തുടർന്ന് കാലിന്‍റെ ചലനശേഷി നഷ്‌ട്ടപ്പെട്ട് 9 വർഷത്തോളം കട്ടിലിലായിരുന്നു ചങ്ങനാശേരി അങ്ങാടി ടോണി ആൻ്റണിയുടെ (28) ജീവിതം. തൻ്റെ പ്രിയപ്പെട്ട അമ്മ മരിച്ചതിൻ്റെ പത്താം നാൾ നടന്ന അപകടത്തെ തുടർന്നാണ് ടോണിക്ക് കാലിന് താഴേക്ക് ചലന ശേഷി നഷ്‌ട്ടപ്പെട്ടത്. ഈ സംഭവം കുംടുംബത്തെ ഒന്നാകെ ഉലച്ചു.
ടോണിയുടെ അച്‌ഛൻ ആൻ്റണിയും സഹോദരിമാരും ഉൾപ്പെടുന്ന കുടുംബം എന്തു ചെയ്യണ മെന്നറിയാതെയായി. അച്‌ഛൻ ആന്‍റണിയുടെ ഇറച്ചിക്കടയിൽ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനമായിരുന്നു കുടുംബത്തിൻ്റെ ഏക ആശ്രയം. മകനെ പരിചരിക്കാൻ ഒടുവിൽ അച്‌ഛന് കച്ചവടം ഉപേക്ഷിക്കേണ്ടി വന്നു. പ്രതിസന്ധികളെ തരണം ചെയ്യമെന്ന നിശ്ചയദാർഢ്യവുമായി തുനിഞ്ഞിറങ്ങിയ ടോണി ഇന്ന് സ്വയം പര്യാപ്‌തതയിലാണ്.
ചങ്ങനാശേരി ബോട്ട് ജെട്ടി റോഡിൽ അഞ്ചുവിളക്കിനു സമീപം പെരുമ്പായിൽ ഡക് സെന്‍റർ എന്ന ഇറച്ചിവ്യാപാര കേന്ദ്രം ടോണി ആരംഭിച്ചു. കൂടെ പഠിച്ച സഹപാഠികളും, നാട്ടിലെ സുഹൃത്തുക്കളും, മകനു താങ്ങായി നിന്ന അച്‌ഛൻ ആൻ്റണിയും, ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിലെ ഇടവകംഗങ്ങളും, നാട്ടുകാരും പുതിയ സംരംഭത്തിന് സഹായവുമായി കൂടെയെത്തി.
സന്നദ്ധ സംഘടന സംഭാവന ചെയ്‌ത വീൽചെയറിൽ കടയിലെത്തുന്ന ടോണി കടയിൽ ഇറച്ചി വെട്ടുകയും വൃത്തിയാക്കുകയും ചെയ്യും. ഇവിടെ താറാവ് മുട്ടയും കുട്ടനാടൻ താറാവുകളും മൊത്തമായും ചില്ലറയായും വിൽപന നടത്തുന്നു. ശരിക്കും പ്രതിസന്ധികളിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് തന്നെയാണ് ടോണിയുടെ ജീവിതം. പ്രത്യാശയുടെ സന്ദേശം പകരുകയാണ് ടോണി ആന്‍റണി.
Also Read: അഭിനയത്തിലൂടെ മലയാള പഠനം; പുതുതലമുറയ്‌ക്ക് മാതൃഭാഷയുടെ മാധുര്യം പകർന്ന് 'അക്ഷരപ്പറമ്പിലപ്പൂപ്പൻ'