കണ്ണൂർ: പ്രകൃതി ദുരന്തങ്ങൾ വാർത്തകളിൽ നിറയുന്ന ഈ കാലത്ത് ഭൂമിക്കടിയിലൂടെ ഒരാൾക്ക് ബലത്തിൽ ഒരു തുരങ്കം നിർമിക്കാൻ കഴിയുമോ..? തോമസ് എന്നൊരു ഒറ്റയാൾ പോരാളി തന്‍റെ ഒറ്റയാൾ പോരാട്ടം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ചുകൊണ്ട് പൂർണതയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. അതും തികച്ചും മലയോര ഗ്രാമമായ പെരുവാമ്പയില്‍. വിദേശത്തുള്ള രണ്ട് മക്കളുടെ കൂടെ തായ്‌ലാന്‍ഡിൽ വിനോദ യാത്ര പോയപ്പോഴാണ് തോമസ് ചേട്ടന്‍റെ മനസിൽ തുരങ്കം പാതയെന്ന സങ്കൽപം വിരിഞ്ഞത്.
അവിടെയുള്ള സുന്ദരമായ കടൽ തീരവും തുരങ്കം പാതയുമെല്ലാം തോമസ് ചേട്ടനെ വല്ലാതങ്ങ് ആകർഷിച്ചു. സ്വന്തം പേരിലുള്ള തന്‍റെ 75 സെന്‍റ് ഭൂമിയിൽ വീടിനടുത്തായി അയാൾ പണി തുടങ്ങി. 2021ലായിരുന്നു തുടക്കം.100 മീറ്റർ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങി നിലവിൽ തോമസ് 88 മീറ്റർ പൂർത്തിയാക്കി കഴിഞ്ഞു. ചെങ്കൽ പാണയ്‌ക്ക് സമാനമായ ഭൂമിയിൽ പിക്കാസും തൂമ്പയും ഉപയോഗിച്ചാണ് തോമസ് ചേട്ടന്‍റെ തുരങ്കം നിർമാണം.
ചെങ്കൽ കുന്നുകളോളം ഉറപ്പുള്ള ഭൂമിയായതിനാൽ 3 വർഷം പിന്നീടുമ്പോഴും മണ്ണിടിച്ചിൽ ഭീഷണിയെന്നും തന്നെയില്ല. ഒരാളെയും സഹായത്തിനായി കൂട്ടാതെ യന്ത്രത്തെ വെല്ലുന്ന പൂർണതയിലാണ് 70ാം വയസിലും ഇതുവരെയുള്ള നിർമാണം. വീടിന് സമീപത്ത് നിന്നായി രണ്ട് എൻട്രൻസ് കാവടങ്ങൾ ഉള്ള തുരങ്കത്തിനകത്തേക്ക് കടന്നാൽ 12 ലേറെ ഉൾവഴികള്‍ വെറേയുമുണ്ട്. 6 അടി മുതൽ 9 അടി വരെയാണ് തുരങ്കത്തിന്‍റെ ഉയരം.
തന്‍റെ 16ാം വയസിൽ ചെങ്കൽ പണികളിലെല്ലാം സജീവമായ തോമസിന് ക്ഷീണം എന്നത് നിഘണ്ടുവിലെയില്ല. രാത്രിയും പകലും ഇല്ലാതെ 14 മണിക്കൂർ ഒക്കെ ആയിരുന്നു ആദ്യ ഘട്ടത്തിൽ തുരങ്ക നിർമാണം. മണ്ണെടുക്കുന്നതും പുറത്തേക്ക് മാറ്റുന്നതുമൊക്കെ ഒറ്റയ്ക്കാണ്. ഹൃദയ സംബന്ധമായ ചെറിയൊരു അസുഖം വന്നത്തോടെയാണ് നിർമാണ സമയം കുറച്ചു കൊണ്ടുവന്നത്. ഇത്രയും ശ്രമകരമായ ഗുഹ നിർമാണം എന്തിനെന്ന് ചോദിച്ചാൽ അവിടെ വരുന്ന സന്ദർശകർ നൽകുന്ന പ്രോത്സാഹനമാണ് തോമസിന്‍റെ കരുത്ത്.
രാത്രിയും പകലും ഇല്ലാതെയാണ് കാസർകോട് നിന്നും വയനാട്ടിൽ നിന്നും ഒക്കെയായി നിരവധി പേർ തോമസിന്‍റെ ഈ ഒറ്റയാൾ ഗുഹ കാണാൻ ദിനം പ്രതി ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. 70ാം വയസിലും ഇങ്ങനെയൊരു ഒറ്റയാൾ അധ്വാനം നടത്തുന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ് എന്നും അംഗീകരിക്കപ്പെടേണ്ടതാണ് എന്നും കാസർകോട് ജില്ല മുൻ വൈസ് പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ് പറയുന്നു. തുമ്പയും കൈക്കോട്ടും പിക്കാസും അറബാനയും ഒക്കെയായി ഇതുവരെ ഒന്നര ലക്ഷം രൂപയാണ് ഗുഹ നിർമാണത്തിനായി തോമസിന് ചെലവായത്.
ഗുഹ നിർമാണത്തിന്‍റെ പൂർത്തീകരണത്തിന് ശേഷം ഇതിനകത്തേക്ക് വേണ്ട വെളിച്ചവും അലങ്കാരവും ഒക്കെയായി ഇനിയും പൈസ വേറെയും കാണേണ്ടതുണ്ടെന്ന് തോമസ് പറയുന്നു. വിനോദയാത്രകൾ ഇഷ്‌ടപ്പെടുന്ന തോമസ് മറ്റൊരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. മക്കളുടെ അടുത്തേക്കും മറ്റും വിശ്രമത്തിനായി പോകുമ്പോൾ പൂർണമായും ഗുഹ അടച്ചിടും.
വീട്ടിലുണ്ടാവുമ്പോൾ വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുകയും ചെയ്യുന്നതാണ് രീതി. തോമസിന്‍റെ ഗുഹ കാണാൻ താത്‌പര്യമുള്ളവർക്ക് കണ്ണൂരിൽ നിന്ന് മാതമംഗലം വഴി വെള്ളോറയിലേക്കും വെള്ളോറയിൽ നിന്ന് കാര്യപ്പള്ളി റൂട്ടിലൂടെ സഞ്ചരിച്ചാൽ പെരുവാമ്പയിലെ ഗുഹാമുഖത്തും എത്താം. അല്ലെങ്കിൽ കുറ്റൂർ വഴി പെരുവാമ്പ റൂട്ടിലൂടെയും ഇവിടെയെത്താം.