കോട്ടയം: പെൻഷൻ തട്ടിപ്പില്‍ ഉദ്യേഗസഥനെ അറസ്റ്റ് ചെയ്യാത്തത് ദുരൂഹമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കോട്ടയത്ത് നഗരസഭ പെൻഷൻ തട്ടിപ്പ് കുറ്റക്കാരനായ അഖിൽ സി വർഗീസിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഉദ്യേഗസ്ഥനെ അറസ്റ്റ് ചെയ്യാത്തത് എന്തുക്കൊണ്ടാണെന്ന് തിരുവഞ്ചൂർ ചോദിച്ചു.
ഇയാള്‍ക്കെതിരെ ഒരു കോസ് രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്തെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മുന്‍സിപ്പല്‍ ഓഫിസില്‍ നിന്ന് 15 മിനിറ്റ് കൊണ്ട് കാല്‍നടയായി എത്താന്‍ കഴിയുന്ന കോടിമാത പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുത്തിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തത് പിറ്റേ ദിവസമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എട്ടാം തീയതി രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പത്രങ്ങളെല്ലാം പൂട്ടിക്കെട്ടിയതിന് ശേഷം കേസെടുത്താല്‍ അന്നത്തെ ദിവസത്തെ വാര്‍ത്ത പോകുമല്ലോ എന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
അഖിൽ വർഗീസ് ഇടതു പ്രവർത്തകനാണെന്നത് അയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണെന്ന് തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ജോലി ചെയ്‌ത ഇടങ്ങളിലെല്ലാം തട്ടിപ്പ് നടത്തിയ അഖിലിനെ സംരക്ഷിക്കുന്നത് ഇടത് സർക്കാരും ഇടത് ഉദ്യോഗസ്ഥ സംഘടനകളുമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലമ്പളളി, മോഹൻ കെ നായർ, പി ആര്‍ സോന, ബി ഗോപകുമാർ, എംപി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Also Read: കോട്ടയം നഗരസഭ പെന്‍ഷന്‍ തട്ടിപ്പ്; മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ