തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ (Thiruvananthapuram girl missing case) പേട്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കുട്ടിയെ കാണാതാകുമ്പോൾ കറുപ്പിൽ വെള്ള പുള്ളിയുള്ള ടി ഷർട്ട് ആണ് ധരിച്ചിട്ടുള്ളതെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. രണ്ട് വയസും മൂന്ന് അടി ഉയരവും പുതുനിറവും മെലിഞ്ഞ ശരീരവുമാണ് കാണാതായ മേരിയുടേതെന്നും എഫ്ഐആറിൽ പറയുന്നു (two year old girl abducted from Thiruvananthapuram).
എഫ്ഐആർ പറയുന്നതിങ്ങനെ : 19-02-2024 ന് പുലർച്ചെ 12 മണിയോടെയാണ് ദമ്പതികൾ താമസിക്കുന്ന തിരുവനന്തപുരം ബ്രഹ്മോസിന് സമീപമുള്ള തുറസായ സ്ഥലത്ത് ടെന്‍റ് കെട്ടി താമസിക്കുന്ന സ്ഥലത്ത് കിടന്നുറങ്ങുമ്പോൾ പുലർച്ചെ 12നും 1 മണിക്കും ഇടയ്ക്ക് മഞ്ഞ നിറത്തിലുള്ള സ്‌കൂട്ടറിൽ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്. പേട്ട സബ് ഇൻസ്‌പെക്‌ടർ നകുൽരാജൻ കെ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് - റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പേട്ട പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് യാതൊരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.