തിരുവനന്തപുരം : തലസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ വോട്ടർമാരുടെ വലിയ തിരക്ക്. തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലങ്ങളിലെ എൽ ഡി എഫ് സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രൻ, വി ജോയ്, യു ഡി എഫ് സ്ഥാനാർഥികളായ ശശി തരൂർ, അടൂർ പ്രകാശ്, എൻ ഡി എ സ്ഥാനാർഥികളായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവർ പുലർച്ചെ മുതല്‍ തന്നെ സജീവമാണ്.
192 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. തലസ്ഥാനത്തെ പോളിംഗ് ബൂത്തുകളിൽ രാവിലെ 6 ന് തന്നെ മോക്ക് പോളിംഗ് ആരംഭിച്ചിരുന്നു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് സമയം. 2.77 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ഇന്ന് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്ക് പോളിംഗ് 7 മണിയോടെ പൂർത്തിയാക്കി കൃത്യം 7 മണിക്ക് തന്നെ ബൂത്തുകളിൽ ബെൽ മുഴക്കത്തോടെ പോളിംഗ് ആരംഭിച്ചു.
അതാത് പാർട്ടികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ചും വോട്ടർമാരെ നേരിട്ട് കണ്ടും സ്ഥാനാർഥികൾ പരമാവധി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. വി വി പാറ്റ് തകരാർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയെങ്കിലും തലസ്ഥാനത്ത് ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ല. 12 ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കനത്ത ചൂട് മുന്നറിയിപ്പ് നിലനിൽക്കുകയാണ്. എന്നാൽ പോളിംഗ് ശതമാനം ഇടിയില്ലെന്ന ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർഥികളും.
ജില്ലയില്‍ ആകെ 2,730 ബൂത്തുകളാണ് ഉള്ളത്. അതില്‍ 1,307 ബൂത്തുകള്‍ തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലും 1,423 ബൂത്തുകള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുമാണ്. ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്‌കാസ്‌റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ 26 ഉം ആറ്റിങ്ങലില്‍ 15 ഉം മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 134 പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 125 എണ്ണം തിരുവനന്തപുരം മണ്ഡലത്തിലും ഒന്‍പതെണ്ണം ആറ്റിങ്ങലിലുമാണ്.