കണ്ണൂര്‍ : ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും മുപ്പത് ആനകളെ തുരത്തി. ദുര്‍ഘടമായ കാലാവസ്ഥയും അടിക്കാടുകളുടെ വളര്‍ച്ചയും ഉള്‍പ്പെടെയുളള പ്രതിസന്ധി മറികടന്നാണ് തുരത്തല്‍ നടത്തിയത്. ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യത്തിന്‍റെ എട്ടാംഘട്ടമാണ് ഇപ്പോള്‍ നടന്നത്. ആര്‍ആര്‍ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം. ഷൈനി കുമാര്‍, ഫോറസ്റ്റര്‍മാരായ പ്രമോദ് കുമാര്‍, സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാച്ചര്‍മാരുള്‍പ്പെട്ട 40 അംഗ സംഘമാണ് ആനകളെ തുരത്തിയത്.
ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള ആനകളെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചത്. മഴക്കാലമായതിനാല്‍ വനത്തില്‍ അടിക്കാടുകളും വള്ളികളുമെല്ലാം ഓപ്പറേഷന്‍ ദൗത്യത്തിന് പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. പലതവണ ദൗത്യസംഘത്തിന് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. പടക്കം പൊട്ടിച്ചും മരം അറുക്കുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുമാണ് തുരത്തല്‍ നടത്തിയത്.
ഫാമിലെ ആറാം ബ്ലോക്കില്‍ നിന്നും ഒരാനയെ തുരത്തി വന്യജീവി സങ്കേതത്തിനരികിലെ താളിപ്പാറക്കു സമീപം എത്തിച്ചപ്പോഴാണ് രണ്ട് സംഘങ്ങളിലായി 15 ആനകളെ കണ്ടെത്താനായത്. ഇവയെ തുരത്തി മുന്നോട്ട് നീങ്ങുമ്പോള്‍ 19 ആനകളെ വീണ്ടും കാണാനിടയായി. ഈ മൂന്ന് സംഘത്തെയും ഓപ്പറേഷന്‍ എലിഫന്‍റ് ദൗത്യസംഘാംഗങ്ങള്‍ വനത്തിലേക്ക് തുരത്തവേ നാല് ആനകള്‍ കൂട്ടം തെറ്റി ഓടിയത് പ്രതിസന്ധി സൃഷ്‌ടിച്ചു.
അഞ്ച് മാസങ്ങളിലായി നടന്നു വരുന്ന ദൗത്യത്തില്‍ 77 ആനകളെ വന്യജീവി സങ്കേതത്തിലേക്ക് കയറ്റിയെങ്കിലും അതിര്‍ത്തിയിലെ വൈദ്യുതി വേലി തകര്‍ത്ത് തിരിച്ച് ഫാമില്‍ എത്തുകയാണ് പതിവ്. ആറളം ഫാമിലും പുനരധിവാസ മേഖലയിലും സുരക്ഷിതമായ ആനമതില്‍ പൂര്‍ത്തിയാക്കുന്നതോടെ മാത്രമേ ആനശല്യത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂ.