ഇടുക്കി: അടിമാലിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ഇരുമ്പുപാലം മേഖലയിലെ ഏഴ് കടകളിലാണ് മോഷണം നടന്നത്. ഇന്നലെ (ആഗസ്റ്റ് 7) രാത്രിയാണ് സംഭവം. ചില കടകളില്‍ നിന്നും പണം കവർന്നിട്ടുണ്ട്.
സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളുടെ പൂട്ട് തകർത്തായിരുന്നു മോഷണം. ഇന്ന് രാവിലെ വ്യാപാരികള്‍ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മോഷണം നടത്തിയ ആളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇരുമ്പുപാലം മേഖലയില്‍ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നതിൽ ആശങ്കയിലാണ് പ്രദേശത്തെ വ്യാപാരികൾ. ഏതാനും നാളുകള്‍ക്ക് മുമ്പ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറില്‍ മോഷണം നടന്നിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇരുമ്പുപാലത്തിന്‍റെ സമീപത്തുള്ള പത്താംമൈല്‍ ടൗണില്‍ മുമ്പ് വ്യാപാരശാലയില്‍ മോഷണം നടന്നിരുന്നു. പിന്നീട് പത്താംമൈല്‍ ടൗണിൽ സിസിടിവി സ്ഥാപിച്ചിരുന്നു. ഇരുമ്പുപാലത്ത് മോഷണം പതിവാകുന്ന സാഹചര്യത്തിൽ ടൗണ്‍ കേന്ദ്രീകരിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ ഭരണകൂടം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. സ്ഥാപനങ്ങളിൽ കവർച്ച നടത്തുന്ന മോഷ്‌ടാക്കളെ എത്രയും വേഗം പിടികൂടണമെന്നും ടൗണിൽ സിസിടിവി സ്ഥാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
Also Read: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; പിന്നിൽ 4 അംഗ വനിത സംഘം, അന്വേഷണം ഊർജിതമാക്കി പൊലീസ്