തൃശ്ശൂര്‍: തൃശ്ശൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം നടത്തി പതിനേഴ് പവൻ കവർന്നു. അയ്യന്തോൾ സ്വദേശിയായ ഡോക്‌ടർ കുരുവിളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയായിരുന്നു മോഷണം.
വീട്ടുജോലിക്കാരി രാവിലെ വീട് തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഈ സമയം വീടിന്‍റെ പുറകുവശത്തെ ഇരുമ്പ് വാതിൽ തുറന്ന നിലയിലായിരുന്നു. സംശയം തോന്നിയ ജോലിക്കാരി വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിനകത്ത് സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. ബാത്ത്റൂമിലെ പൈപ്പും തുറന്നിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് മോതിരവും ഒരു ചെയിനും മോഷണം പോയെന്ന് മനസ്സിലാക്കിയത്.
വിവരമറിഞ്ഞ തൃശൂർ ടൗൺ വെസ്‌റ്റ് പൊലീസും ഡോഗ്സ്കോഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഒരുമാസമായി ഡോക്‌ടറും കുടുംബവും അമേരിക്കയിലാണ്. മകന്‍റെ അടുത്തേക്ക് പോയതായിരുന്നു. ഇതിനിടെയാണ് മോഷണം.