കാസർകോട്: തഞ്ചാവൂർ ശൈലിയിലുള്ള ക്ഷേത്ര ഗോപുരം, മഹാരാഷ്ട്രയിൽ നിന്നുള്ള കരാട ബ്രാഹ്മണരാൽ 400 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വാസം, മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വച്ചൊഴുകുന്ന ക്ഷേത്രം. കേരളത്തിലെ ദുര്‍ഗാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമാണ് മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം.
കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാരാഷ്‌ട്രയിലെ മറാത്ത സാമ്രാജ്യത്തിന്‍റെ പതനത്തോടെ അവിടെ നിന്നു പലായനം ചെയ്‌ത ബ്രാഹ്മണര്‍ സ്ഥാപിച്ചതാണ് ഈ പുണ്യ പുരാതന ക്ഷേത്രം എന്നാണ് വിശ്വാസം. കരാട എന്ന സ്ഥലത്തു നിന്നുള്ളവരായതുകൊണ്ട് ഇവര്‍ പില്‍ക്കാലത്ത് കരാട ബ്രാഹ്മണര്‍ എന്നും അറിയപ്പെട്ടു. മധുവാഹിനി പുഴയോരത്ത് കിഴക്കുഭാഗത്തേക്ക് അഭിമുഖീകരിച്ചാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അന്നപൂര്‍ണേശ്വരിയായ ദുര്‍ഗാ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. ഇത് ശ്രീചക്രസഹിതമായ ദര്‍പ്പണബിംബമാണ്.
സത്യനാരായണ സ്വാമിയുടെ സന്നിധിയും ക്ഷേത്രത്തിലുണ്ട്. എതിര്‍വശത്ത് നമസ്‌കാരമണ്ഡപം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ചുറ്റമ്പലവുമുണ്ട്. ക്ഷേത്രത്തിന്‍റെ അകത്തുതന്നെ വടക്കുഭാഗത്ത് ജടാധാരി തെയ്യത്തിന്‍റെ സാന്നിധ്യവുമുണ്ട്. പ്രധാന പ്രവേശനത്തിൽ ഇരുവശങ്ങളിലുമായി പഴയ രാജഗോപുരത്തിന്‍റെ കീഴില്‍ വിശ്രമ മണ്ഡപവും നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്താണ് അഗ്രശാല. അതിന് അപ്പുറത്തായി മധുവാഹിനി നദിയുടെ തീരത്ത് സ്‌നാനഘട്ടം കാണാം. അവിടെതന്നെ ഒരു ആല്‍ത്തറയും അതില്‍ നാഗപ്രതിഷ്‌ഠയുമുണ്ട്.സത്യനാരായണ ഭട്ട് ആണ് ക്ഷേത്രം ട്രസ്‌റ്റി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്രത്തിന്‍റെ ചരിത്രം
വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കരാട ബ്രാഹ്മണര്‍ അവരുടെ ആരാധനാശക്തിയായ ശ്രീ ചക്രസ്ഥിത ദേവിയുമായി കാസര്‍കോട് ജില്ലയിലെ മധുവാഹിനി നദിയുടെ തീരത്തുള്ള മല്ലം എന്ന സ്ഥലത്തെത്തിയെന്നും ആ ശ്രീചക്രത്തെ അവര്‍ ഈ പുണ്യനദിയുടെ തീരത്ത് പ്രതിഷ്‌ഠിച്ചുമെന്നാണ് ചരിത്രം. 17 ആം നൂറ്റാണ്ടിൽ തെങ്ങിന്‍റെ ഓല കൊണ്ടായിരുന്നു ക്ഷേത്രത്തിന്‍റെ ആദ്യ നിർമിതി. 1865 ൽ ക്ഷേത്രം ആദ്യമായി പുതുക്കി പണിതു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ക്ഷേത്രം വീണ്ടും പുതുക്കിപ്പണിതുവെങ്കിലും അതിനുശേഷം പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ എല്ലാം തന്നെ നടന്നത് 1940 നു ശേഷമായിരുന്നുവെന്ന് പറയപ്പെടുന്നു.
നവരാത്രി ആഘോഷം
നവരാത്രി ദിവസങ്ങളില്‍ നിരവധി ഭക്തര്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് മല്ലം . നവരാത്രി ദിവസങ്ങളില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകളും നവമി ദിവസം ചണ്ഡികാ ഹോമവും ഇവിടെ നടക്കാറുണ്ട്. കര്‍ണ്ണാടക ജില്ലയില്‍ നിന്നുള്ള നിരവധി ഭക്തരാണ് ദിവസവും ക്ഷേത്രത്തില്‍ എത്തുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് നവരാത്രി ആഘോഷം അതിന്‍റെ സകല ഐശ്വര്യങ്ങളോടും നടത്തുന്നതെങ്കിലും ദുർഗ സങ്കൽപത്തിൽ കേരളത്തിൽ സ്ഥാപിതമായ ക്ഷേത്രങ്ങളിലും നവരാത്രിക്ക് പ്രാധാന്യം ഉണ്ട്. എല്ലാ വർഷവും അഞ്ചു ദിവസത്തെ മഹോത്സവവും ഇവിടെ നടക്കാറുണ്ട്.
പൂജകൾ
രാവിലെ എട്ടിനും ഉച്ചയ്ക്ക് 12.15 നും രാത്രി ഏട്ടിനുമാണ് നിത്യ പൂജ നടക്കുന്നത്. ക്ഷേത്രത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും അന്ന പ്രസാദം നൽകുന്നു. വിശേഷ ദിവസങ്ങളിൽ വിശേഷാൽ പൂജയും നടക്കും. കാസർകോട് ടൗണിൽ നിന്നും ചെർക്കള വഴി 14 കിലോമീറ്റർ ദൂരമാണ് മല്ലം ക്ഷേത്രത്തിലേക്ക് ഉള്ളത്. പുതിയ ബസ് സ്‌റ്റാൻഡിൽ നിന്നും ക്ഷേത്രം വരെ പോകുന്ന ബസ് സർവീസുകളും ഉണ്ട്.
Also Read:പൂജാപുണ്യത്തിൽ പനച്ചിക്കാട്; ദക്ഷിണ മൂകാംബികയിൽ പൂജവയ്‌പ്പ് ചടങ്ങുകള്‍ നടന്നു