കോഴിക്കോട്: സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ. മൃഗങ്ങളെ കാട്ടിൽ തടഞ്ഞു നിർത്താനും മനുഷ്യ ജീവന് സംരക്ഷണം നൽകാനും ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെങ്കിൽ പ്രദേശത്തെ ഭരണം ഞങ്ങൾ ഏറ്റെടുക്കുമെന്ന് ബിഷപ്പ്. ഇനിയും വാഗ്‌ദാനങ്ങൾ നൽകി ഞങ്ങളെ പറ്റിക്കാമെന്ന് കരുതരുത്.
എന്തുകൊണ്ടാണ് സർക്കാർ ഞങ്ങൾക്ക് അനുയോജ്യമായ നിയമം നിർമ്മിക്കാത്തതെന്നും ബിഷപ്പ്. കാട്ടിലുള്ള മൃഗങ്ങളെ സംരക്ഷിക്കാൻ നൽകിയതിന്‍റെ പകുതി സുരക്ഷ ഞങ്ങൾക്ക് തന്നാൽ മതിയായിരുന്നു. ഫോറസ്‌റ്റ് ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നത് മൃഗങ്ങളെ സംരക്ഷിക്കാനല്ല. വന്യജീവികളെ സർക്കാർ വെടിവച്ചില്ലെങ്കിൽ ഞങ്ങൾ അവയെ കൈകാര്യം ചെയ്യും. നിങ്ങൾ ഇവിടെ കടന്നു വന്നാൽ അല്ലേ കേസ് എടുക്കുവെന്നും ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് ഞങ്ങളെ തടയാൻ കഴിയില്ലെന്നും ഇഞ്ചനാനിയിൽ പറഞ്ഞു. കക്കയം ഫോറസ്‌റ്റ് ഓഫീസ് പരോധം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാൻ സി.സി. എഫ് ഉത്തരവിട്ടു. മയക്കുവെടി വെച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം വെടിവയ്ക്കാനാണ് ഉത്തരവ്. അതേസമയം അക്രമം നടത്തിയ കാട്ടുപോത്തിനെ എങ്ങിനെ തിരിച്ചറിയും എന്നതും ചോദ്യമാണ്. അതിനു വേണ്ടിയുള്ള തിരച്ചിലിലാണ് വനംവകുപ്പ് വാച്ചർമാർ. ഉത്തരവ് ഇറങ്ങിയതോടെ പ്രതിഷേധത്തിന് അയവ് വന്നു.