കോഴിക്കോട് : ഇന്ന് അധ്യാപക ദിനം. ജീവിതത്തിൽ മാതാപിതാക്കളെപോലെ തന്നെ നമുക്ക് വെളിച്ചം പകർന്നു തരുന്നവരാണ് നമ്മുടെ അധ്യാപകർ. ഈ അധ്യാപക ദിനത്തിൽ കുട്ടികൾക്ക് പുതിയ പാഠം പകർന്നു നൽകുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം.
ക്ലാസ് മുറിയെന്ന ചട്ടക്കൂടിന് പുറത്തേക്ക് വിദ്യാർഥികൾ സ്വയം തത്‌പരരാകേണ്ടതിന്‍റെ നല്ല പാഠമാണ് അധ്യാപക ദിനത്തിൽ ഈ അധ്യാപകൻ നൽകുന്ന സന്ദേശം. ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ അനിൽകുമാർ സി വിയാണ് വിദ്യാർഥികൾക്ക് നൂതന ആശയം പകർന്ന് കൊടുക്കുന്നത്.

പ്ലാസ്റ്റിക്ക് എന്ന വിപത്തിൽ നിന്നും പ്രകൃതിയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ ചെടി വളര്‍ത്തല്‍ രീതിയായ 'കൊക്കഡാമ' കുട്ടികൾക്ക് പരിചയപ്പെടുത്തിയാണ് ഈ അധ്യാപകൻ വ്യത്യസ്‌തത കൊണ്ടുവന്നത്. കൊക്കഡാമയ്‌ക്ക് പായല്‍പ്പന്തുകളെന്നും പാവങ്ങളുടെ ബോണ്‍സായിയെന്നും വിളിപ്പേരുണ്ട്. ചെടിച്ചട്ടി ഇല്ലാതെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വളരെ കുറച്ച് വിഭവങ്ങൾ മാത്രം ഉപയോഗിച്ച് പൂന്തോട്ടം തയ്യാറാക്കുന്നതാണ് ഈ രീതി.
എൻഎസ്എസ് വളണ്ടിയർമാരായ നൂറ് കുട്ടികൾ ചേർന്ന് ഈ നൂതന രീതി നാടിന് പരിചയപ്പെടുത്തിയത്. മണ്ണും പൂപ്പലും നൂലും ചേരുന്നതാണ് കൊക്കഡാമയുടെ ബെയ്‌സ്. മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും മിശ്രിതമാക്കി വെള്ളം ചേർത്ത് കുഴച്ച് ഗോള രൂപത്തിൽ ആക്കി അതിൽ ചെടി നട്ടുപിടിപ്പിച്ച് അതിനുചുറ്റും പായൽ വച്ചുപിടിപ്പിക്കുന്ന രീതിയാണ് കൊക്കഡാമ അഥവാ പായൽ പന്ത്. നിരവധി സസ്യയിനങ്ങൾ ഇതിൽ വളർത്താം. പ്രകൃതിയും മനുഷ്യനും തമ്മിൽ ഇണങ്ങി ജീവിക്കേണ്ടതിന്‍റെ ആവശ്യകത കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രസക്തമാണെന്ന് വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ കൂടി ഇത് സഹായകമാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവും കുട്ടികളുടെ മനസിലേക്ക് ഉയർന്ന് വരണം, അതിന് അവരെ പ്രാപ്‌തരാക്കിയെടുക്കണം. ഭൂരിഭാഗം കുട്ടികൾക്കും മനസിന് ആഹ്ലാദം നൽകുന്ന പ്രവൃത്തിയാണ് അവരെ പരിചയപ്പെടുത്തേണ്ടത്. ഘട്ടംഘട്ടമായി അവരെ അതിന്‍റെ മാഹാത്മ്യം മനസിലാക്കി കൊടുക്കണം. ഇതെല്ലാം ഒത്തുചേരുമ്പോഴാണ് പുതിയ കാലത്ത് അധ്യാപകൻ പൂർണനാകുന്നത്.' അനിൽ കുമാർ പറഞ്ഞു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പോലും ഊർജം നൽകുന്നതാണ് ഇത്തരം പദ്ധതികൾ, ഇത് എല്ലാ അധ്യാപകരിലേക്കും കുട്ടികളിലേക്കും എത്തണമെന്നും പ്രിൻസിപ്പാൾ ശ്യാമളയും അഭിപ്രായപ്പെട്ടു. വളരെ രസകരമായ നിർമാണ പ്രവൃത്തി തികഞ്ഞ ഉല്ലാസത്തോടെയാണ് ചെയ്യുന്നതെന്ന് വിദ്യാർഥികളും പറഞ്ഞു.
ഇതുവരെ 600 കൊക്കഡാമ നിർമിച്ച് നിരവധി വീടുകളിൽ കുട്ടികൾ വിതരണെം ചെയ്‌തിട്ടുണ്ട്. കൊക്കെഡാമ എന്നത് ഒരു ജാപ്പനീസ് പദമാണ്, കോക്കെ എന്നാൽ മോസ്, ഡാമ എന്നാൽ പന്ത്. കൊക്കേഡാമ പായലിൻ്റെ ഒരു പന്താണ്. കൊക്കഡാമയെ സ്ട്രിങ് ഗാർഡൻ അല്ലെങ്കിൽ ഹാംഗിങ് ഗാർഡൻ എന്നും വിളിക്കുന്നു. കാലക്രമേണ പരിണമിച്ച ബോൺസായ് പ്രക്രിയയുടെ ഭാഗമായിരുന്നു കൊക്കോഡാമ.