കല്‍പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുതിയ തന്ത്രം പയറ്റി എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. ക്രൈസ്‌തവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എൻഡിഎ സ്ഥാനാര്‍ഥി പ്രചാരണം നയിക്കുന്നതെന്നാണ് പ്രത്യേകത. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി ക്രിസ്‌ത്യൻ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പൊതുവേ പ്രചാരണം നടത്തുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയത്തിലും ക്രൈസ്‌തവ വോട്ടുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. തൃശൂരിന് പിന്നാലെ വയനാട്ടിലും ക്രൈസ്‌തവ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് പ്രചാരണം തുടരുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള നിയമസഭ മണ്ഡലങ്ങളിലെ ക്രിസ്‌തൃൻ-ഹിന്ദു വോട്ടുകളാണ് പ്രധാനമായും ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓരോ ദിവസം പ്രചാരണം തുടരുമ്പോഴും വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെയെല്ലാം ചര്‍ച്ചുകളിലും മഠങ്ങളിലും മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലും എത്തി ഫാദര്‍മാരെ കണ്ട് വോട്ട് ഉറപ്പിക്കുന്നതില്‍ എൻഡിഎ സ്ഥാനാര്‍ഥി മുന്നിലുണ്ട്. താമരശേരി അതിരൂപതയെ നവ്യ സന്ദര്‍ശിച്ചിരുന്നു. തിരുവമ്പാടിയിലെ വിവിധ ക്രൈസ്‌തവ സഭകളുടെ നേതാക്കളെയും കണ്ടിരുന്നു. കഴിഞ്ഞ പ്രാവശ്യത്തെ പോലെ വയനാട്ടിലെ ക്രൈസ്‌തവ വോട്ടര്‍മാര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി.
സുരേന്ദ്രന്‍റെ വയനാട്ടിലെ ഞെട്ടിക്കുന്ന മുന്നേറ്റം ആയുധമാക്കാൻ എൻഡിഎ
വയനാട്ടില്‍ ക്രൈസ്‌തവ വോട്ടുകള്‍ സമാഹരിച്ചാല്‍ ബിജെപിക്ക് ബാലികേറാമലയല്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിക്കെതിരെ അവസാനം പ്രചാരണത്തിന് എത്തിയിട്ടും വയനാട്ടിൽ നില മെച്ചപ്പെടുത്താൻ എൻഡിഎക്ക് സാധിച്ചിരുന്നു.
ക്രിസ്ത്യൻ മേഖലകളില്‍ വൻ മുന്നേറ്റം കാഴ്‌ചവെക്കാൻ സുരേന്ദ്രനായിരുന്നു. 2019 നെ അപേക്ഷിച്ച് 62,229 വോട്ടുകളാണ് ബിജെപിക്ക് വയനാട്ടിൽ കൂടിയത്. കൂടുതൽ ബൂത്തുകളിൽ സുരേന്ദ്രന് രണ്ടാമതെത്താനും സാധിച്ചു. രാഹുല്‍ ഗാന്ധി വന്നിട്ട് പോലും 2019നെക്കാൾ 5.75 ശതമാനം വോട്ട് ബിജെപിക്ക് കൂടി. 2019 ലെ ബിജെഡിഎസ് സ്ഥാനാര്‍ഥി തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയ 7.25 ശതമാനം സുരേന്ദ്രനെത്തിയപ്പോൾ 13 ശതമാനമായി കുത്തനെ കൂടി.
1,41,045 വോട്ടാണ് ആകെ സുരേന്ദ്രന് ലഭിച്ചത്. ക്രിസ്‌ത്യൻ മേഖലകളില്‍ സ്വാധീനം ഉണ്ടാക്കാൻ സാധിച്ച സുരേന്ദ്രന്‍റെ അതേ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോള്‍ നവ്യ ഹരിദാസും പയറ്റുന്നത്. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിസ്‌ത്യൻ മേഖലകള്‍ ലക്ഷ്യമിട്ട് എൻഡിഎ സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചിരുന്നു.
വയനാട് മാറ്റം ആഗ്രഹിക്കുന്നു, രാഹുല്‍ ഗാന്ധി അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പെന്ന് നവ്യ
തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും എൻഡിഎ സ്ഥാനാര്‍ഥി ശക്തമായി വിമര്‍ശിച്ചിരുന്നു. സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നും എതിരാളി ആരെന്നത് വിഷയമല്ലെന്നും നവ്യ പ്രതികരിച്ചിരുന്നു.
ഓരോ പാർട്ടികളും ഉയർത്തുന്ന ആശയമാണ് പ്രധാനം. രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അമേഠി സീറ്റ് നിലനിർത്തുന്നതിന് വേണ്ടി അദ്ദേഹം വയനാട്ടുകാരെ ഉപേക്ഷിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലത്തെ സാഹചര്യം അല്ല വയനാട്ടിലേത്. നമ്മള്‍ കണ്ട ഏറ്റവും വലിയ ദുരന്തം നേരിട്ട ഒരു മണ്ണാണ് ഇന്ന് വയനാട്.
എന്നാല്‍ ഈ സമയത്ത് ഉള്‍പ്പെടെ ജനങ്ങള്‍ക്ക് വേണ്ടി ഇടപെടാനോ മുന്നില്‍ നില്‍ക്കാനോ സ്ഥലം എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല. അദ്ദേഹം ഒരു വിഐപി സന്ദർശനം നടത്തി പോകുക മാത്രമാണ് ചെയ്‌തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം വയനാട്ടിലെ ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട ധനസഹായം പോലും കേന്ദ്രം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ഇതിന് കാരണക്കാരൻ രാഹുല്‍ ഗാന്ധിയാണ്.
ഇതെല്ലാം വയനാട്ടിലെ ജനങ്ങള്‍ കാണുകയും അനുഭവിക്കുകയും ചെയ്‌തതാണ്. അതുകൊണ്ട് തന്നെ അതിന്‍റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും എൻഡിഎ സ്ഥാനാര്‍ഥി ഇടിവി ഭാരതിനോട് പ്രതികരിച്ചു. മറ്റൊരു ലോക്‌സഭാ മണ്ഡലവും വയനാട് മണ്ഡലം പോലെ അവഗണന നേരിടുന്നുണ്ടാവില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിവില്ലാത്ത ഒരു എംപിയെയാണ് ദൗർഭാഗ്യവശാൽ വയനാട് കഴിഞ്ഞതവണ തെരഞ്ഞെടുത്തത്. ഇത്തവണ അതിന് മാറ്റം വരും.
വയനാട് വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് തന്നെ വയനാടൻ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചതാണ്. അതിനുത്തരവാദികളായ കോൺഗ്രസിനും, വാദ്ര കുടുംബത്തിനുമെതിരെ വയനാട്ടിൽ രോഷം പുകയുന്നുണ്ട്. അതിന്‍റെ തെളിവാണ് എൻഡിഎ യുടെ കൺവെൻഷനുകളിൽ കാണുന്ന വൻ ജനപ്രവാഹം. കഴിഞ്ഞദിവസം ബത്തേരിയിലും, മാനന്തവാടിയിലുമൊക്കെ നടന്ന യോഗങ്ങളിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തതെന്നും എൻഡിഎ സ്ഥാനാര്‍ഥി വ്യക്തമാക്കി.
Read Also: വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ ആരൊക്കെ: അറിയാം സത്യന്‍ മൊകേരിയേയും നവ്യ ഹരിദാസിനെയും