കോഴിക്കോട് : സംഘർഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ അൺ എയിഡഡ് കോളജിലെ നാല് വിദ്യാർഥികൾക്ക് സസ്പെൻഷൻ. എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ രണ്ടാം വർഷ ബിബിഎ വിദ്യാർഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർഥിനി തേജുലക്ഷ്‌മി, രണ്ടാം വർഷ ബികോം വിദ്യാർഥി അമൽരാജ്, രണ്ടാം വർഷ സൈക്കോളജി വിദ്യാർഥി അഭിഷേക് എസ് സന്തോഷ് എന്നിവർക്കാണ് സസ്‌പെൻഷൻ. പുറത്ത് നിന്ന് കോളജിലെത്തി അക്രമം നടത്തിയവർക്ക് സഹായം നൽകിയതിനാണ് പ്രിൻസിപ്പാളിന്‍റെ നടപടി.
അതേ സമയം സംഘർഷത്തെ തുടർന്ന് അടച്ചിട്ട കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പാലിനെ വെല്ലുവിളിച്ച് എസ്‌എഫ്‌ഐ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചു. 'പ്രിൻസിപ്പാൾ രാജാവല്ല' എന്നാണ് എസ്എഫ്ഐയുടെ പേരിൽ ഉയർത്തിയ ഫ്ലക്‌സിലെ വാചകങ്ങൾ. എസ്‌എഫ്ഐ നേതാവിനെ മർദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ലെന്ന എസ്‌എഫ്ഐ ഏരിയ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെയാണിത്.
അതിനിടെ കോളജിലെ സംഭവ വികാസങ്ങളെ നിസാരമായി കാണുന്ന പൊലീസ് ഇതുവരെയും ആരെയും വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയില്ല എന്നും ആക്ഷേപമുണ്ട്. വിദ്യാർഥികളുടെ ഭീഷണിക്കെതിരെ വീണ്ടും പൊലീസിൽ പരാതി നൽകാനാണ് സ്‌കൂൾ അധികൃതരുടെ നീക്കം.