കോഴിക്കോട് : ഒളവണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി ചന്തപ്പടി ചൂണ്ടയിൽ ഹൗസിൽ ഹസീമുദ്ദീൻ (31) ആണ് പിടിയിലായത്. കഴിഞ്ഞമാസം (ഒക്‌ടോബർ) 27-ാം തീയതിയാണ് കേസിനാസ്‌പമായ സംഭവം നടന്നത്.
ഒളവണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന കുളങ്ങര ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് പ്രതി കത്തി കാണിച്ച് കവർന്നത്. മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്.
ബഹളം കേട്ട് ഓടിയെത്തിയ ഭർത്താവ് ചന്ദ്രശേഖരനെയും പ്രതി ആക്രമിച്ചു. ചന്ദ്രശേഖരനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് പ്രതി സ്വർണമാലയുമായി ഓടി രക്ഷപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പന്തീരാങ്കാവ് പൊലീസും കോഴിക്കോട് ക്രൈം സ്ക്വാഡും നടത്തിയ ഊർജിത അന്വേഷണത്തിനെടുവിലാണ് പ്രതി പിടിയിലായത്. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ പൊലീസ് മോഷണ സമയത്ത് ഈ ഭാഗങ്ങളിൽ പ്രവർത്തിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ഹസിമുദ്ദീൻ. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.