എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി ആകാശ് ഡിഗലിനെ കൊലപ്പെടുത്തിയ ഒഡീഷ സ്വദേശി അഞ്ജൻ നായിക്ക് (38) നെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടി കൂടിയത്. കടം വാങ്ങിയ തുകയെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്നാണ് ആകാശ് ദിഗലിനെ വയറിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
തുടർന്ന് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നുമാണ് പിടികൂടിയത്. അഞ്ജൻ നായിക്കിൽ നിന്ന് ആകാശ് ദിഗൽ ആയിരം രൂപ കടം വാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു.
താമസ സ്ഥലത്തിന്‍റെ ഉടമ ഇടപെട്ടതിനെ തുടർന്ന് തിങ്കളാഴ്‌ച പ്രതി ഭാര്യയേയും കൂട്ടി കാക്കനാട്ടേക്ക് പോയിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ 5 മണിയോടെ വട്ടക്കാട്ടുപടിയിലുള്ള താമസ സ്ഥലത്തെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആകാശ് ദിഗൽ ആറ് മാസമായും, അഞ്ജൻ നായിക് നാല് മാസയും പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു. പ്രതി കിളികുളത്ത് ഹാർഡ് പ്ലേ പ്ലൈവുഡ് കമ്പനിയിൽ മെഷിൻ ഓപ്പറേറ്ററാണ്. ആകാശ് ദിഗലിന് കണ്ടന്തറ ഭാഗത്ത് പ്ലൈവുഡ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
ALSO READ: ഗാർഹിക പീഡന പരാതി രജിസ്‌റ്റർ ചെയ്യാനെത്തി; ഭാര്യയെ കുത്തിക്കൊന്ന് പൊലീസ് കോൺസ്‌റ്റബിൾ