തൃശൂര്‍: കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്‍റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാനെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
വിഷയത്തില്‍ ആര്‍ക്കും ചര്‍ച്ച ചെയ്യാം. താന്‍ എയിംസ് തിരുവനന്തപുരത്തോ കൊല്ലത്തോ തൃശൂരിലോ വേണമെന്ന് പറയുന്നില്ല. ഇത് കേരളത്തിന് വേണമെന്നാണ് താന്‍ പറയുന്നത്. കേരളത്തിന് ഇത് ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ വെറുതെ പ്രാദേശിക വാദം ഉന്നയിച്ച് പിടിവലി നടത്തി വീണ്ടും ഒരു വര്‍ഷം കൂടി വൈകിപ്പിക്കേണ്ടതില്ലെന്നാണ് തനിക്ക് പറയാനുള്ളത്.
ഇതില്‍ എല്ലാം ജില്ലകള്‍ക്കും അവകാശമുണ്ട്. ഇതിന്‍റെ സ്ഥാനം കൃത്യമായ സ്ഥലത്ത് ആകുന്നതിലൂടെ തൊഴില്‍ അവസരങ്ങള്‍, ടൂറിസവുമായി ബന്ധപ്പെട്ട ഡെവലപ്പ്‌മെന്‍റ്, റോഡ് വികസനം എന്നിവയെല്ലാം അതിലൂടെ സാധ്യമാകും. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വീണ്ടും നേരില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാളെ (ജൂണ്‍ 14) നെടുമ്പാശ്ശേരിയിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാന്‍ താനും അങ്ങോട്ടെത്തും. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്‌തത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണെന്നും സുരേഷ് ഗോപി പറഞ്ഞു.