തിരുവനന്തപുരം: അരുണാചലിലെ സിറോയിൽ മരണപ്പെട്ട മലയാളികളുടെ വാർത്ത അന്ധവിശ്വാസങ്ങളുടെ അദൃശ്യ സംവിധാനങ്ങളിലേക്ക് വീണ്ടും വെളിച്ചം വീശുകയാണ്. ഇത്തരം കേസുകൾ വീണ്ടും തലപൊക്കുമ്പോൾ ഏറ്റവും വിചിത്രമായ കാര്യം ഇരകളുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ്.
അന്യഗ്രഹവാസം ഉൾപ്പെടെയുള്ള വിചിത്ര വിശ്വാസങ്ങളിൽപ്പെട്ട് മലയാളികളായ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവർ സ്വയം ജീവനൊടുക്കിയതോ കൊല്ലപ്പെട്ടതോ ആകാമെന്നാണ് പൊലീസിന്‍റെ നിഗമനം. ഇത് തെളിയിക്കുന്ന രേഖകൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നവീന്‍റെ വാഹനത്തിൽ നിന്നും ഇവരുടെ മൊബൈൽ, ലാപ്ടോപ് പരിശോധനയിലൂടെയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അന്യഗ്രഹ സഞ്ചാരം സാധ്യമാണെന്ന തരത്തിൽ മരണപ്പെട്ട ആര്യ, ദേവി എന്നിവർ നാളുകളായി ഡോൺബോസ്കോ എന്ന വ്യാജ പ്രൊഫൈലുമായി ചർച്ച നടത്തിയിരുന്നു. ഈ വ്യാജ പ്രൊഫൈലാണ് ഇവരെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വ്യാജ പ്രൊഫൈൽ ഉടമയെ തിരിച്ചറിയാൻ പൊലീസ് ഗൂഗിളിന്‍റെ സഹകരണവും തേടിയിട്ടുണ്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിദ്യാസമ്പന്നരെ പോലും പമ്പര വിഡ്ഢികളാക്കാൻ ശേഷിയുള്ള ശക്തികളായി മനുഷ്യന്‍റെ മനസിൽ സ്വാധീനം ചെലുത്തുമെന്നാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ സൈകാട്രിസ്റ്റായി പ്രവർത്തിച്ചിരുന്ന ഡോ എൻ അരുൺ പറയുന്നത്.
രോഗമല്ല ഈ മാനസികാവസ്ഥ
അന്ധവിശ്വാസങ്ങൾ ഉൾപ്പെട്ട കേസുകളിലെ ഇരകളെയോ പ്രതികളെയോ ഒരു പ്രത്യേക മാനസിക രോഗിയെന്ന വിഭാഗത്തിലേക്ക് അരിച്ചെടുക്കാനാകില്ലെന്ന് ഡോ എൻ അരുൺ പറയുന്നു. ഓരോ വിഷയങ്ങളും വ്യത്യസ്‌തമാകാം. ഓരോ വ്യക്തിയും വ്യത്യസ്‌തനാണ്.
എല്ലാവരെയും പോലെ സമാന താത്പര്യങ്ങളുള്ളവരുമായി ഇവരും കൂടുതൽ സമയം ചിലവഴിക്കും. അന്ധവിശ്വാസങ്ങളോട് താത്പര്യമുള്ളവർ സ്വാഭാവികമായും തമ്മിൽ അടുക്കും. ഒരേ മിഥ്യധാരണകൾ ഒരു പോലെ വിശ്വസിക്കുന്നവർ തമ്മിൽ കൂടുതൽ അടുപ്പമുണ്ടാകും (Shared Delusion). രോഗി എന്ന് വിളിക്കാനാവില്ല എന്നത് കൊണ്ട് ഇത് ആർക്ക് വേണമെങ്കിലും സംഭവിക്കാമെന്ന് തീർച്ചപ്പെടുത്താനുമാകില്ല.
സത്യമല്ല, ഇഷ്‌ടമുള്ളത് വിശ്വസിക്കും
കുറ്റകൃത്യങ്ങളായി മാറുമ്പോൾ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് പല സ്വഭാവമാകുമെന്നാണ് ഡോ അരുൺ പറയുന്നത്. അന്ധവിശ്വാസങ്ങളുടെ ഭാഗമായി പണം നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ് നിരവധി പേർ കാണാൻ എത്താറുണ്ട്. ഇത്തരം കേസുകളിൽ മൂന്നാമതൊരാൾ ഇരകളുടെ അന്ധവിശ്വാസങ്ങളുടെ ഭാഗമായുള്ള ഉത്കണ്‌ഠകൾക്ക് പരിഹാരി എന്ന നിലയിൽ അവതരിക്കാറുണ്ട്. തട്ടിപ്പിനിരയാകുന്നത് വരെ പലരും മുന്നറിയിപ്പുകളെ പാടെ അവഗണിക്കുന്നതായി കാണാം. സത്യത്തിന് പകരം സ്വന്തം വിശ്വാസങ്ങളെ തൃപ്‌തിപ്പെടുത്തുന്ന തരത്തിൽ കാര്യങ്ങളെ ഇവർ മനസിലാക്കുന്നു.
അന്ധവിശ്വാസിയായോ?
ബന്ധുക്കൾക്കോ മാതാപിതാക്കൾക്കോ അന്ധവിശ്വാസം കാരണം ഒരാളിലുണ്ടാകുന്ന മാറ്റം വളരെ പെട്ടെന്ന് മനസിലാക്കാനാകുമെന്നാണ് ഡോ അരുൺ വിശദീകരിക്കുന്നത്. ഒപ്പം താമസിക്കുന്നവർക്കാകും ആദ്യം അസ്വഭാവികത തോന്നുക. മൊത്തം പെരുമാറ്റം തന്നെ മാറിപ്പോയ കേസുകളുണ്ട്. പലതരം മാനസിക പിരിമുറുക്കം നേരിടുന്നവരാകാം ഇവർ. ഓരോ കേസും വ്യത്യസ്‌തമാകും. ഏറ്റവും വേഗം സൈകാട്രിസ്‌റ്റിന്‍റെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.
നിയമ നിർമാണം തകൃതി
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് മരണങ്ങൾ നിരവധി റിപ്പോർട്ട് ചെയ്‌തത് കണക്കിലെടുത്ത് 2021 ൽ ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ നിയമസഭയിൽ അന്ധവിശ്വാസ അനാചാര നിർമാർജന ബിൽ അവതരിപ്പിച്ചിരുന്നു. ഈ സ്വകാര്യ ബിൽ സഭ ചർച്ച ചെയ്തെങ്കിലും പിന്നീട് ഇതു റദ്ദാക്കിയെന്നും നിയമനിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമാണെന്നും പ്രസേനൻ പറഞ്ഞു. നിരവധി കേസുകളാണ് അനാചാരവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഇതിനെ നേരിടാനുള്ള കരുത്ത് നമ്മുടെ നിയമ സംവിധാനത്തിന് വേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.