പത്തനംതിട്ട: ജില്ലയിൽ വേനൽ ചൂട് ഇനിയും കനക്കുമെന്ന് ദുരന്തനിവാരണ വകുപ്പ്. വേനല്‍ചൂടിന്‍റെ കാഠിന്യം കൂടിവരുന്നതിനാല്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു (pathanamthitta weather updates).
വേനൽ കനത്തതോടെ ജില്ലയുടെ മലയോര മേഖലകളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൂര്യതാപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണമെന്നും ജില്ലാ ആരോഗ്യവകുപ്പ് നിർദേശം പുറപ്പെട്ടുവിച്ചിട്ടുണ്ട്.
ഒരാഴ്‌ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്, വെണ്‍കുറിഞ്ഞി, തിരുവല്ല സ്‌റ്റേഷനുകളില്‍ ചില ദിവസങ്ങളില്‍ ശരാശരി താപനിലയെക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
ചില സ്ഥലങ്ങളിൾ പത്തും ഇരുപതും ദിവസങ്ങളിൽ ഒരിക്കൽ മാത്രമാണ് വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്നത്. ഇതിനാൽ വാഹനങ്ങളിൽ വലിയ വില നൽകി കുടിവെള്ളം വാങ്ങുന്നവരുടെ എണ്ണവും വർധിച്ചു വരുന്നുണ്ട്.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ഞായറാഴ്‌ചകളിൽ വസ്ത്രങ്ങൾ കഴുകാനെത്തുന്നവരുടെ തിരക്കും വർധിച്ചുവരുന്നുണ്ട്. എന്നാൽ നദികളിൽ ചില സ്ഥലങ്ങളിൽ അപകടകരമായ കുഴികളും മറ്റും ഉള്ളതിനാൽ മുൻപരിചയമില്ലാത്തവർ അപകടത്തിൽപ്പെടാൻ സാധ്യതയും കൂടുതലാണ്. ജില്ലയിലെ കക്കി ആനത്തോട് ഡാമിൽ 72.12% ജലവും പമ്പ ഡാമിൽ 32.23% ജലവുമാണ് ഉള്ളത്.
ALSO READ:ഹൈറേഞ്ചില്‍ ചൂട് കൂടി, ആവശ്യക്കാരും; പാഷൻ ഫ്രൂട്ട് വില ഉയർന്നു
വേനൽ കടുത്തു, വില ഉയർന്നു: ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ പാഷൻ ഫ്രൂട്ടിന്‍റെ വില ഉയർന്നു (Passion Fruit Price Hike). കഴിഞ്ഞ വർഷം ജൂണ്‍, ജൂലൈ മാസങ്ങളിൽ കിലോക്ക് 25 മുതൽ 30 രൂപക്കായിരുന്നു കര്‍ഷകരില്‍ നിന്നും വ്യാപാരികള്‍ പാഷന്‍ ഫ്രൂട്ട് ശേഖരിച്ചിരുന്നത്. എന്നാൽ വേനൽ കടുത്തതോടെ ഇപ്പോൾ കിലോയ്‌ക്ക് 50 മുതൽ 70 രൂപ വരെയാണ് ലഭിക്കുന്നത്.
ചൂട് കൂടിയതോടെ ആവശ്യക്കാരേറിയതും ഉത്പ്പാദനം കുറഞ്ഞതുമാണ് വില കുത്തനെ ഉയരാന്‍ കാരണം. പാഷന്‍ ഫ്രൂട്ടിന്‍റെ പ്രധാന ആവശ്യക്കാര്‍ കൊച്ചിയില്‍ നിന്നുള്ള ചെറു കിട വ്യാപാരികളും പള്‍പ്പ്, സിറപ്പ് നിര്‍മ്മാതാക്കളുമാണ്. ചുവപ്പ്, റോസ് നിറങ്ങളിലുള്ള ഹൈബ്രിഡ് പാഷന്‍ ഫ്രൂട്ടും മഞ്ഞ നിറമുള്ള നാടന്‍ പാഷന്‍ ഫ്രൂട്ടുമാണ് വിപണിയിലെത്തുന്നത്.