കാസർകോട്: തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയർ - സീനിയർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 13 വിദ്യാർഥികൾക്ക് സസ്പെൻഷൻ. വിദ്യാനഗർ ഇൻസ്പെക്‌ടർ യുപി വിപിൻ സ്‌കൂളിലെത്തി അധികൃതർക്ക് നൽകിയ നിർദേശത്തെത്തുടർന്നാണ് നടപടി.
സ്‌കൂളിൽ രണ്ടുദിവസം നടന്ന അടിയുടെ തുടർച്ചയെന്നോണം തിരക്കേറിയ ദേശീയപാതയിലെ വിദ്യാനഗറിൽ വാഹനഗതാഗതം സ്‌തംഭിപ്പിക്കും വിധമായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് കൂട്ടയടി നടന്നത്. മരത്തടികൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള കൂട്ടയടിയുടെ വീഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.
പിടിഎയുടെയും സ്‌കൂൾ സംരക്ഷണസമിതിയുടെയും യോഗം ചേർന്നാണ് കുട്ടികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. നടപടിക്ക് വിധേയരായ കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു. നാല് പ്ലസ് വൺ വിദ്യാർഥികളെയും ഒൻപത് പ്ലസ്‌ടു വിദ്യാർഥികളെയുമാണ് സസ്പെൻഡ് ചെയ്‌തത്.
വിദ്യാർഥികൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് എതിരെ ശക്തമായ നടപടിക്കായി ജമാഅത്ത് യോഗവും ഇന്ന് ചേരും. ബുധനാഴ്‌ച (ജൂൺ 24) വൈകിട്ട് ക്ലാസ് വിട്ടതോടെ ബിസി റോഡ് ജംഗ്ഷനിൽ വടിയും മറ്റുമായി വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. പൊരിഞ്ഞ അടി കാരണം ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ വിദ്യാർഥികൾ മുങ്ങി. തുടർന്ന് പൊലീസ് പ്രിൻസിപ്പാളിന് നോട്ടിസ് നൽകുകയായിരുന്നു.
Also Read: നടുറോഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്: നിരവധി പേർക്ക് പരിക്ക്; പ്രിൻസിപ്പാളിന് നോട്ടിസ്