തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി മുരളീധരന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവയ്ക്കാനുള്ള തുക നൽകി യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥി സംഘത്തെ പ്രതിനിധീകരിച്ചെത്തിയ സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളും ചേർന്നാണ് പണം വി മുരളീധരന് കൈമാറിയത്.
യുദ്ധഭൂമിയിൽ നിന്നുള്ള തിരികെ വരവിന് എല്ലാ പിന്തുണയും ധൈര്യവും നൽകി ഒപ്പം നിന്നതിനുള്ള സ്നേഹാദരമായാണ് തെഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക കൈമാറിയതെന്നും വിദ്യാർഥകൾ പറഞ്ഞു. മോദി സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഏറ്റവും കൂടുതൽ ആത്മസംതൃപ്‌തി നൽകിയത് മറുനാട്ടിൽ നിന്നുള്ള രക്ഷാദൗത്യങ്ങളാണെന്നും, ലോക്‌ഡൗൺ സമയത്ത് ആരംഭിച്ച ഓപ്പറേഷൻ വന്ദേഭാരത് മുതൽ ഒടുവിൽ റഷ്യയിൽ നിന്ന് അഞ്ചുതെങ്ങ് സ്വദേശികളെ തിരികെ എത്തിക്കുന്നത് വരെയുള്ള അഭിമാന ദൗത്യങ്ങളുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വമാണ് ഓരോ ദൗത്യത്തെയും വിജയിപ്പിച്ചത്. ലോകത്ത് എവിടെ, എത് ദുർഘട സാഹചര്യത്തിൽ ഇന്ത്യക്കാർ അകപ്പെട്ടാലും സുരക്ഷിതമായി തിരികെ കൊണ്ടുവരുമെന്നത് മോദിയുടെ ഗ്യാരൻ്റിയാണ്. റഷ്യൻ യുദ്ധമേഖലയിൽ കുടുങ്ങിയവരെ എത്തിക്കാനുള്ള ശ്രമം ഊർജിതമാണ്. റഷ്യൻ യുദ്ധമേഖലയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാരിൻ്റെ വിവിധ തലങ്ങളിൽ നടക്കുകയാണെന്നും, സംഘർഷമേഖലയിൽ നാല് മലയാളികൾ ഉള്ളതായാണ് ലഭ്യമാകുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു.
മോസ്കോയിലുള്ള ഇന്ത്യൻ എംബസിയിൽ 2 പേർ സുരക്ഷിതരായുണ്ട്. മറ്റുള്ളവരെ എത്തിക്കാൻ റഷ്യൻ പ്രതിരോധ സേന വഴി ഊർജിതമായ ശ്രമം നടത്തുകയാണ്. വളരെ രഹസ്യാത്മകമായ കാര്യങ്ങൾ ആയതിനാൽ ഈ ഘട്ടത്തിൽ അതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സാധിക്കില്ലെന്നും, എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും എന്ന ശുഭാപ്‌തി വിശ്വാസമുണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.