കൊല്ലം: കൊല്ലം ജില്ലയിൽ സർക്കാർ മദ്യ വില്‌പനശാലകൾ കേന്ദ്രീകരിച്ച് മദ്യ മോഷണം പതിവാകുന്നു കഴിഞ്ഞ ദിവസം ചിന്നക്കട ആശ്രമം സ്‌റ്റേഡിയത്തിന് മുന്നിലെ സർക്കാർ മദ്യ വില്‌പന പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്‌ടിക്കാൻ ശ്രമിച്ച ആളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ മനുവിനെയാണ് പൊലീസ് പിടികൂടിയത്.
പ്രതി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രീമിയം കൗണ്ടറിൽ എത്തി മദ്യം എടുക്കുകയും, എടിഎം കാർഡ് നൽകി അത് വർക്ക് ചെയ്യാത്തതിനാൽ താൻ എടിഎമ്മിൽ പോയി പണം എടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് മുങ്ങുകയുമായിരുന്നു പതിവ്. ജീവനക്കാർ ദിവസവും കണക്കെടുക്കുമ്പോൾ മദ്യത്തിന്‍റെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാൾ തുടർച്ചയായി ഇവിടെ എത്തി മദ്യം കടത്തിക്കൊണ്ടുപോകുന്നത് കണ്ടത്.
മറ്റൊരു ദിവസം മദ്യം വാങ്ങാനായി എത്തിയപ്പോൾ ജീവനക്കാർ ഇയാളെ മനസിലാക്കിയതിനെ തുടർന്ന് തടഞ്ഞു വയ്ക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചയുടൻ പൊലീസ് എത്തി ഇയാളെ പരിശോധിച്ചപ്പോളാണ് ഇയാളുടെ ഇടുപ്പിൽ നിന്ന് മദ്യം കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്‌തപ്പോൾ ഇവിടെ പലപ്പോഴായി എത്തി മദ്യം മോഷ്‌ടിച്ചതായി പ്രതി സമ്മതിച്ചു.
Also read : മഹാരാഷ്‌ട്രയിൽ വൻ മദ്യവേട്ട; പിടിച്ചെടുത്തത് 1502 കുപ്പി നിരോധിത മദ്യം
ഡ്രൈവറായതാൻ എറണാകുളത്ത് നിന്ന് കൊല്ലത്ത് ജോലി അന്വേഷിച്ച് എത്തിയതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഏതാനും ദിവസം മുമ്പ് കൊല്ലം ബൈപ്പാസിലെ സർക്കാർ മദ്യ വില്‌പന ശാലയിലെ ഗ്ലാസ് തകർത്ത് നിരവധി മദ്യക്കുപ്പികൾ മോഷ്‌ടിച്ചിരുന്നു. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണ് മോഷ്‌ടിക്കൾ എത്തിയത്. ഇതും പൊലീസ് അന്വേഷിച്ചു വരികയാണ്.