തിരുവനന്തപുരം : കടകളിലൊന്നും കച്ചവടമില്ല, യാത്രാക്ലേശവും ഒപ്പം രൂക്ഷമായ പൊടിശല്യവും... ആറ് മാസത്തെ ദുരിത ജീവിതത്തിന് ഒടുവിൽ ശാപമോക്ഷം. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. സ്‌മാർട്ട് റോഡ് നിർമാണ പ്രവർത്തനങ്ങൾ നൂറ് ശതമാനവും പൂർത്തിയായില്ലെങ്കിലും റോഡ് യാത്ര യോഗ്യമാക്കി തുറന്ന് കൊടുത്തത് നാട്ടുകാർക്കും വ്യാപാരികൾക്കും ആശ്വാസമായി.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരി വ്യവസായ ഏകോപന സമിതിയും നാട്ടുകാരും ചേർന്ന് മധുരം വിളമ്പിയും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടും കൂടിയാണ് സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രി മുഹമ്മദ് റിയാസ് പരിപാടിയില്‍ പങ്കെടുത്തില്ല.
റോഡ് പണി കാരണം കഴിഞ്ഞ ആറുമാസമായി കടുത്ത പ്രതിസന്ധിയിലാണ് കച്ചവടക്കാർ. പൊടിശല്യം മൂലം കടകൾ അലങ്കോലമായി. സാധനങ്ങള്‍ വാങ്ങാന്‍ ആളുകളും വരാതെയായി. ഇതോടെ കച്ചവടവും പ്രതിസന്ധിയിലായി. എന്നാൽ റോഡ് തുറന്ന് നല്‍കിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് പ്രത്യാശയിലാണ് വ്യാപാരികളും.
ആറ് മാസം നീണ്ട റോഡ് നിര്‍മാണം കാരണം കച്ചവടം പ്രതിസന്ധിയിലായ എംകെ ബുക്‌സ് ഉടമ മോഹൻകുമാർ 50 ശതമാനം വില കിഴിവ് നൽകിയാണ് പുസ്‌തകങ്ങൾ വിൽക്കുന്നത്. ബുക്ക് സ്റ്റാളിന് മുന്നിൽ പ്രദർശനത്തിന് വയ്ക്കുന്ന പുസ്‌തകങ്ങളും അതുപോലെ പുസ്‌തകങ്ങള്‍ സൂക്ഷിച്ച കടയ്ക്കുള്ളിലും പൊടി കയറി. റോഡ് യാത്ര യോഗ്യമാക്കിയത് മോഹൻകുമാറിനും ഏറെ ആശ്വാസമായി.
സ്‌മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായി ആകെ 12 റോഡുകളുടെ നിര്‍മാണമാണ് നടക്കുന്നത്. ഇതിൽ 5 റോഡുകൾ ഗതാഗത യോഗ്യമാക്കി. സ്‌പെൻസർ-എകെജി റോഡ്, വിജെടി ഹാൾ-ഫ്ലൈ ഓവർ റോഡ്, കലാഭവൻ മണി റോഡ്, മാനവീയം വീഥി, സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് എന്നിവയാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.
കഴിഞ്ഞ വർഷം നവംബറിലാണ് സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ 80 ശതമാനം പണികളും പൂർത്തിയായി. നടപ്പാത നിർമാണം, ഇലക്ട്രിക് ചാർജിങ് വർക്കുകൾ, ഒരു കോട്ട് ടാറിങ് എന്നീ പ്രവർത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. മാസങ്ങളായുള്ള റോഡ് പണിയിൽ താളം തെറ്റിയ കച്ചവടം എങ്ങനെയും തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കച്ചവടക്കാരും.