തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജനുവരി 4ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി ഇക്കുറി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം, മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തിൽ മത്സര ഇനമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ
സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കേരള സ്‌കൂൾ കായികമേള 'കൊച്ചി 24' നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തെരഞ്ഞെടുത്ത 17 സ്‌റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായികയിനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫി സമ്മാനിക്കും. ഇതാദ്യമായി എമിറേറ്റ്‌സിൽ കേരള സിലബസിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർഥികൾ കൂടി കായിക മേളയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.
കേരള സ്‌കൂള്‍ ശാസ്ത്രോത്സവം 2024-25
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 4 ദിവസങ്ങളിലായാണ് ശാസ്‌ത്രോത്സവം പൂര്‍ത്തിയാക്കുന്നത്. ഏകദേശം 10,000-ത്തോളം മത്സരാര്‍ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐടി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ഫെസ്‌റ്റും ശാസ്‌ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്.