കാസർകോട്: വിവരാവകാശ നിയമപ്രകാരമുള്ള ഫയലുകളില്‍ വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടികെ രാമകൃഷ്‌ണൻ. സർക്കാർ ഓഫിസുകളിൽ വിവരവകാശ നിയമപ്രകാരം ഫയൽ ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതും ലഭ്യമാക്കേണ്ടതുമാണ്. നിയമം അനുശാസിക്കുന്ന സമയ പരിധിക്കകം വിവരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് കലക്‌ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അപ്പീല്‍ അപേക്ഷകളില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. വിവരങ്ങള്‍ നല്‍കാനായി 30 ദിവസം വരെ കാത്തിരിക്കേണ്ടതില്ല. പരമാവധി വേഗത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കണം.
![Adv TK Ramakrishnan State Information Commissioner Right To Information ACT Kasaragod News](https://etvbharatimages.akamaized.net/etvbharat/prod-images/23-08-2024/ksd-kl1-informationcommissioner-7210525_23082024093026_2308f_1724385626_323.jpeg)
നല്‍കുന്ന വിവരങ്ങള്‍ വ്യക്തമായിരിക്കണം. ജില്ലയില്‍ കൂടുതലായും സെക്കന്‍റ് അപ്പീലുകള്‍ ഉണ്ടാകുന്നു. ഓഫിസുകളിലെ അപ്പീല്‍ അധികാരി നല്‍കുന്ന മറുപടിയിലും തൃപ്‌തരല്ലാത്ത അപേക്ഷകരാണ് കമ്മിഷന് മുന്നിലേക്ക് വരുന്നത്. ഓരോ ഓഫിസുകളിലും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വെക്കേണ്ടതാണ്.
വിവിധ ഓഫിസുകളിൽ കമ്മിഷന്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ നല്‍കുന്നതില്‍ സാങ്കേതിക തടസങ്ങളുണ്ടെങ്കില്‍ വിവരം അപേക്ഷകനെ നിശ്ചിത ദിവസങ്ങള്‍ക്കകം അറിയിക്കണമെന്നും കൂടുതല്‍ ഗൗരവത്തോടെ ഉദ്യോഗസ്ഥര്‍ വിവരാവകാശം സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചു. കമ്മിഷന് മുന്നിലെത്തുന്ന അപ്പീൽ അപേക്ഷകള്‍ വര്‍ധിക്കുന്നതിനാല്‍ ഇവ തീര്‍പ്പാക്കുന്നതിനായി കമ്മിഷന്‍ വിവിധ ജില്ലകളില്‍ കൂടുതല്‍ സിറ്റിങുകള്‍ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേയും കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
Also Read : 5 കോടി നഷ്‌ടപരിഹാരം; മഞ്ജു വാര്യർക്കെതിരെ ശീതൾ തമ്പിയുടെ വക്കീൽ നോട്ടീസ്