തൃശൂര്‍: അഷ്‌ടമി രോഹിണി ദിനത്തില്‍ കണ്ണനെ കാണാന്‍ ഗുരുവായൂരില്‍ ഭക്തജന പ്രവാഹം. രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുടങ്ങിയ ഭക്തജന തിരക്ക് തുടരുകയാണ്. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടിപ്രദക്ഷിണം എന്നിവ ഒഴിവാക്കിയതും വിഐപി ദർശനങ്ങൾക്ക് രാവിലെ ആറ് മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതും ഭക്തർക്ക് ദര്‍ശനത്തിന് സൗകര്യമായി.
ശീവേലിക്ക് കൊമ്പന്‍ ഇന്ദ്രസെനനാണ് സ്വര്‍ണക്കോലമേറ്റിയത്. രാവിലെ ഒമ്പത് മണിക്ക് പ്രസാദ ഊട്ട് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും. പ്രസാദ ഊട്ടിന് ഏകദേശം കാൽ ലക്ഷത്തോളം പേരെയാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യത്തിന് തിമിലയിൽ വൈക്കം ചന്ദ്രൻ മാരാരും സംഘവും, മദ്ദളത്തിൽ കുനിശ്ശേരി ചന്ദ്രനും സംഘവും, ഇടയ്ക്കയിൽ കടവല്ലൂർ രാജു മാരാരും, കൊമ്പിൽ മച്ചാട് കണ്ണനും സംഘവും, ഇലത്താളത്തിൽ പാഞ്ഞാൾ വേലുക്കുട്ടിയും സംഘവും അണിനിരക്കും. ഗുരുവായൂർ ശശിമാരാരും സംഘവും സന്ധ്യ തായമ്പക ഒരുക്കും. രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക, നാഗസ്വരം പ്രദക്ഷിണം ഉണ്ടാകും.
Also Read: ശ്രീകൃഷ്‌ണ ജയന്തി: വര്‍ണാഭമായി മഥുര, ക്ഷേത്രങ്ങളില്‍ വൻ തിരക്ക്