വയനാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് വേണ്ടി പ്രത്യേക ഫണ്ട് അനുവദിക്കുന്നതിൽ നടപടി പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വയനാടിന് പ്രത്യേക ഫണ്ട് നല്‍കിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദത്തിലാണ് ഹൈക്കോടതിയില്‍ കേന്ദ്രത്തിന്‍റെ മറുപടി. ബാങ്ക് ലോണുകളുടെ കാര്യത്തിൽ സർക്കുലർ ഇറക്കുന്നതില്‍ നിലപാടറിയിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ദുരിതാശ്വാസ നിധിയിൽ നിന്നും ഈ വര്‍ഷം കേരളത്തിന് 782 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഈ തുക ഇപ്പോള്‍ വിനിയോഗിച്ച് കൂടെയെന്ന് സംസ്ഥാനത്തോട് ചോദിച്ച കോടതി കേരളത്തില്‍ എവിടെയൊക്കെ കേന്ദ്ര ഫണ്ട് ഉപയോഗിച്ചെന്നറിയിക്കണമെന്നും പറഞ്ഞു. വയനാട് കലക്‌ടര്‍ നിര്‍ദേശിച്ച പ്രകാരം പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ഫണ്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമം ഫണ്ടുകൾ വരും, പക്ഷേ അതെങ്ങനെ ഉപയോഗിക്കണമെന്ന് പലപ്പോഴും അറിയില്ലെന്ന് കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. ജീവൻ പോയവരും സ്ഥലം നഷ്‌ടമായവരും കർഷകരാണെന്നും കോടതി വിലയിരുത്തി. അനധികൃത ഖനനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ഡിവിഷണൽ തല മോണിറ്ററിങ് കമ്മറ്റികൾ രൂപീകരിച്ചതായി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസ് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.
Also Read : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: കുടുംബാധിഷ്‌ട മൈക്രോ പ്ലാന്‍, പ്രതീക്ഷ കേന്ദ്ര സഹായമെന്ന് മുഖ്യമന്ത്രി