തിരുവനന്തപുരം: തൃശൂര്‍പ്പൂരം അലങ്കോലമാക്കിയെന്നാരോപണുയര്‍ന്ന പൂരക്കാലത്തെ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന് മാസങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കി. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ടെക്‌നിക്കല്‍ ഇന്‍റലിജന്‍സ് എസ്‌പിയായാണ് നിയമനം.
പൂരം അലങ്കോലമാക്കിയെന്ന ആരോപണത്തോടെ കമ്മിഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയ യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ മാസങ്ങളായി നിയമനത്തിനായി കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരത്തെ മികച്ച കമ്മിഷണര്‍ എന്ന ഖ്യാതി നേടിയ സിഎച്ച് നാഗരാജുവിനെയും മാറ്റി. മുന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്‌പര്‍ജന്‍കുമാറിനെ വീണ്ടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.
നാഗരാജുവിനെ പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എഡിയായി നിയമിച്ചു. പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്നു സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനില്‍ അന്വേഷണ വിഭാഗം ഡിജിപിയായി നിയമിച്ചു.
മനുഷ്യാവകാശ കമ്മിഷന്‍ ഐജിയായിരുന്ന പി പ്രകാശിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് 3 വിഭാഗം ഐജിയായി നിയമിച്ചു. അവധി കഴിഞ്ഞ് സംസ്ഥാന കേഡറിലേക്ക് മടങ്ങിയെത്തിയ സതീഷ് ബിനോയെ പൊലീസ് ആസ്ഥാനം ഭരണ വിഭാഗം ഡിഐജിയാക്കി നിയമനം നല്‍കി. സി ബാസ്‌റ്റിന്‍ ബാബുവാണ് പുതിയ വനിതാ സെല്‍ എഐജി.
Also Read: കൊച്ചിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്‌തത് നാനൂറോളം സാമ്പത്തിക കുറ്റകൃത്യങ്ങൾ: സിറ്റി പൊലിസ് കമ്മിഷണർ