കോഴിക്കോട് : ലഹരി ഉപയോഗം സമാനതകളില്ലാത്ത രീതിയിൽ കേരളത്തിൽ പടർന്ന് പന്തലിക്കുമ്പോഴും അതിന് തടയിടാനുള്ള നൂതന സംവിധാനങ്ങളൊക്കെ തുടക്കത്തിലേ പരാജയപ്പെട്ടു. കഴിഞ്ഞ വർഷം പകുതിയോടെയാണ് ലഹരി ഉപയോഗിച്ച് പൊതുനിരത്തിൽ കറങ്ങുന്നവരെ പൂട്ടാൻ ഉമിനീർ പരിശോധനായന്ത്രവുമായി പൊലീസ് രംഗത്തിറങ്ങിയത്.
പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാനത്തിറക്കിയ സോട്ടോക്‌സ സലൈവ മെഷീൻ പണി നിർത്തി. യന്ത്രത്തിന്‍റെ, ഭീമമായ നിർമാണ ചെലവും ഓരോ ഉപയോഗത്തിനുമുള്ള അധിക ചെലവും താങ്ങാനാവുന്നില്ലെന്ന് ആന്‍റി നാർക്കോട്ടിക് സെൽ റിപ്പോർട്ട് നൽകി. 15 ലക്ഷം രൂപയാണ് യന്ത്രത്തിന്‍റെ വില.
ഒരു ടെസ്‌റ്റിന് 1650 രൂപ ചെലവ് വരും. 5 മിനിറ്റുകൊണ്ട് ഫലത്തിന്‍റെ പ്രിന്‍റ് ലഭിക്കും. കോടതിയിൽ ഹാജരാക്കി കുറ്റം സമ്മതിച്ചാൽ 500 രൂപയാണ് പിഴ. ഈ രീതിയിൽ സോട്ടോക്‌സ കമ്പനിയുമായി ഒത്തുപോകാൻ പറ്റില്ലെന്നും സർക്കാർ തുക അനുവദിക്കണമെന്നുമാണ് ആന്‍റി നാർക്കോട്ടിക്ക് സെല്ലിന്‍റെ അപേക്ഷ. എന്നാൽ ഫണ്ടില്ലെന്ന കാരണത്തിൽ അപേക്ഷ പൊടി പിടിച്ച് കിടപ്പാണ്.
മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ ബ്രീത്ത് അനലൈസറുണ്ട്. എന്നാൽ ലഹരി ഉപയോഗിച്ചെന്ന് തിരിച്ചറിയാൻ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കോടതിയെ ബോധിപ്പിക്കാനുള്ള ഏറ്റവും വേഗത്തിലുള്ള രീതി സോട്ടോക്‌സ ആയിരുന്നു. സലൈവ ഡിറ്റക്ഷന്‍ കിറ്റും യൂറിൻ ഡിറ്റക്ഷൻ കിറ്റുമൊക്കെ പരിശോധനയ്ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും റിസള്‍ട്ടിന്‍റെ പ്രിന്‍റ് ലഭിക്കില്ല.
രക്ത സാംപിളെടുത്ത് റിസൾട്ട് വരുമ്പോഴേക്കും പ്രതി മൊഴിമാറ്റിയാൽ കേസാകും. പിന്നെ നീണ്ടുപോകും. സോട്ടോക്‌സ കിറ്റ് ഉപയോഗിച്ചാൽ കഞ്ചാവ്, എംഡിഎംഎ, ബ്രൗൺ ഷുഗർ, കൊക്കെയ്‌ന്‍, ഗുളികകൾ തുടങ്ങി ഏത് ലഹരി ഉപയോഗിച്ചതിന്‍റേയും റിസൾട്ട് ലഭിക്കും.
നിലവിൽ പൊലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്‍ കടന്നുപോയാൽ പോലും കണ്ടെത്താൻ പരിമിതിയുണ്ട്.
സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഒരാളെ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം. ഇതിനുള്ള പരിഹാരമായാണ് ഉമിനീർ പരിശോധനയിൽ ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീൻ രംഗത്തിറക്കിയത്. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനിൽ വയ്ക്കും. അഞ്ച് മിനിറ്റുകൊണ്ട് ഫലം അറിയാം.
ALSO READ:മയക്ക് മരുന്ന് ഏജന്‍റുമാരെ പിടകൂടാനൊരുങ്ങി ഹൈദരാബാദ് പൊലീസ്
രണ്ട് ദിവസം മുൻപ് ലഹരി ഉപയോഗിച്ചാൽ പോലും മെഷീന്‍ ഉപയോഗിച്ച് തിരിച്ചറിയാം. അതിലും വലിയ നേട്ടം ലഹരിയുടെ ഉറവിടത്തിലേക്ക് വേഗം എത്തിച്ചേർന്ന് വേരോടെ പിഴുതെറിയാം എന്നതായിരുന്നു. എന്നാൽ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ച, ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള ലഹരി പരിശോധന നിലച്ചതോടെ, സ്‌മാർട്ട് സിറ്റി പോലുള്ള ഏതെങ്കിലും ദൗത്യ സംഘം മെഷീൻ സംഭാവന ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാർക്കോട്ടിക്ക് സംഘം.
ഇതുപോലുള്ള ഒരു യന്ത്രം പ്രവർത്തിക്കുന്നുണ്ട്. നിയമലംഘകരെ പിടികൂടാന്‍ കേരള പൊലീസിന് കരുത്തായി ഓടുന്ന ആല്‍കോ സ്‌കാന്‍ വാനിൽ. അതിന്‍റെ അവസ്ഥ അടുത്ത ലക്കത്തിൽ.