കാസർകോട് : ഇന്ത്യ സഖ്യം രാജ്യത്തെ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. കാഞ്ഞങ്ങാട് എൻഡിഎ പൊതുയോഗത്തിൽ പ്രസംഗിക്കുയായിരുന്നു കേന്ദ്ര മന്ത്രി. കരുവന്നൂർ, കണ്ടല, എആർ നഗർ, വയനാട് ബാങ്കുകൾ ഇന്ത്യ സഖ്യം കൊള്ളയടിച്ചു. വയനാട്ടിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച കോൺഗ്രസ് നേതാവ് ജയിലിലാണ്. ഇതാണ് ഗാന്ധി കുടുംബത്തിന്‍റെ പരിപാടിയെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
ഡൽഹിൽ അവർ കെട്ടിപ്പിടിക്കുന്നു, വയനാട്ടിൽ അവർ പോരാട്ടത്തിലുമാണ്. ഇവരുടെ ലക്ഷ്യം രാജ്യത്തിന്‍റെ ഖജനാവ് കൊള്ളയടിക്കുക എന്നത് മാത്രമാണെന്നും അവർ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി വന്നപ്പോൾ സ്വന്തം കൊടി പോലും ഉയർത്താനുള്ള ധൈര്യം അവർക്കില്ല. എന്ത് കൊണ്ടാണ് ലീഗിന്‍റെ കൊടി ഉയർത്താൻ ഇത്ര ഭയം. കേരളത്തിൽ ലീഗിന്‍റെ കൊടി ഒളിപ്പിച്ചുവയ്ക്കുന്ന അവർ വടക്കേ ഇന്ത്യയിൽ വന്ന് ക്ഷേത്രങ്ങളിൽ നിരങ്ങുകയാണ്.
കോൺഗ്രസിനോട് ചോദിക്കുകയാണ്, എത്രകാലം നിങ്ങൾ ഇങ്ങനെ മുന്നോട്ട് പോകും. പോപ്പുലർ ഫ്രണ്ട് പാർട്ടിയുടെ പിന്തുണ തേടുന്നത് ഭരണഘടന വിരുദ്ധമല്ലേ. ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറാണോ എന്നും സ്‌മൃതി ഇറാനി ചോദിച്ചു. കോൺഗ്രസിനെ ഞങ്ങൾക്ക് ഭയമില്ല. സ്വന്തം നിലയിൽ മത്സരിക്കാൻ ധൈര്യം ഇല്ലാത്തവരാണ് അവർ.
ഞാൻ ഇന്ന് ഇന്ത്യ സഖ്യത്തിന്‍റെ അവസ്ഥ വയനാട്ടിൽ കണ്ടുവെന്നും സ്‌മൃതി ഇറാനി പറഞ്ഞു. മോദി സർക്കാരിന്‍റെ വികസന നേട്ടങ്ങളും അവർ എണ്ണി പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വനിയുടെ പ്രകടന പത്രിക വിതരണം ചെയ്‌താണ് സ്‌മൃതി മടങ്ങിയത്.