എറണാകുളം : വന്ദേഭാരത് ട്രെയിനിൽ സി അഞ്ച് കമ്പാർട്ട്മെൻ്റിൽ പുക സാന്നിധ്യം കണ്ടെത്തി. ട്രെയിനിലെ സ്മോക് ഡിറ്റക്‌ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിന്നു. തിരുവനന്തപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിലായിരുന്നു സംഭവം.
ആലുവ ഭാഗത്തേക്കുള്ള ലൈനിൽ കളമശ്ശേരി പിന്നിടുമ്പോഴാണ് 8:55 ന് അലാറം മുഴങ്ങുകയും ട്രെയിനിൻ്റെ സ്മോക് ഡിറ്റക്‌ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിൽക്കുകയും ചെയ്‌തത്. തുടർന്ന് ട്രെയിൻ സാവധാനം ആലുവ സ്‌റ്റേഷനിലെത്തിച്ച് റീസെറ്റ് ചെയ്‌തതിന് ശേഷമാണ് 9:26 ന് വീണ്ടും പുറപ്പെട്ടത്. ഇതോടെ 23 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.
പുക ഉയർന്നാൽ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് സംവിധാനം വന്ദേ ഭാരതിലുണ്ട്. എ സി വാതകം ചോർന്നതിനെ തുടർന്നാണ് പുക ഉയർന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രെയിനിലെ യാത്രക്കാരിലാരെങ്കിലും പുകവലിച്ചതിനെ തുടർന്നാണോ കമ്പാർട്ട്മെൻ്റിൽ പുക സാന്നിധ്യമുണ്ടായതെന്നും സംശയിക്കുന്നുണ്ട്. അതേസമയം പുകവലിച്ച
യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ട്രെയിനിൽ പുക ഉയർന്നതിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. സാങ്കേതിക വിഭാഗം ഇതുസംബന്ധിച്ച് പരിശോധന നടത്തി പ്രശ്‌നമില്ലെന്ന് അറിയിച്ചതോടെയാണ് യാത്ര പുനരാരംഭിച്ചത്. റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.