തിരുവനന്തപുരം: സ്‌മാർട്ട് റോഡ് നിർമാണത്തിനായി എടുത്ത കുഴി അടച്ചുള്ള പ്രതിഷേധത്തിൽ 21 ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം അശോക് കുമാറിന്‍റെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.
ഇന്നലെ രാവിലെ 10:30 യ്ക്കായിരുന്നു സ്‌മാർട്ട് റോഡിന്‍റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ സ്‌മാർട്ട് റോഡിനായി എടുത്ത കുഴി അടച്ച് പ്രതിഷേധിച്ചത്. വഴുതക്കാട് ജങ്ഷനിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കൗൺസിലർമാരുടെ നേതൃത്വത്തില്‍ കുഴിയിൽ മണ്ണ് വാരിയിട്ടു.
ഇതിനെതിരെ അനധികൃതമായ സംഘം ചേരൽ, കൃത്യ നിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിർമ്മാണ പ്രർത്തനങ്ങളുടെ ഭാഗമായി എടുത്ത കുഴിയിൽ ചെളിയും മണ്ണും വാരിയിട്ട് നഷ്‌ടം വരുത്തിയെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ട്. ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം പണി വീണ്ടും നീളാൻ കാരണമാകുമെന്ന് മേയർ ആര്യ രാജേന്ദ്രനും ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു.