തിരുവനന്തപുരം: എസ് എഫ് ഐയെ സംരക്ഷിക്കുന്ന കോളേജ് ഡീൻ നാരായണനേയും സിദ്ധാർഥ് കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ അനിശ്ചിത കാല നിരാഹാര സമരവുമായി മഹിളാമോർച്ച നേതാവ് ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. സിദ്ധാർഥിന്‍റെ മരണം സി ബി ഐ അന്വേഷിക്കണം, പ്രതികൾക്ക് നേരെ കൊലക്കുറ്റം ചുമത്തണം, ഡീനിനെ പ്രതി ചേർക്കണം, സി പി എം നേതാവ് സി കെ ശശീന്ദ്രന്‍റെ പങ്ക് അന്വേഷിക്കണം, സമാന കേസുകളടക്കം അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഡീനിന് എസ് എഫ് ഐയുമായി ഉള്ളത് ചിയേഴ്‌സ് ബന്ധമാണെന്നും ആടിനെ കൊന്ന ശേഷം ചെന്നായ്ക്കളുടെ അനുശോചന യോഗം വിളിച്ച ഡീൻ കുറ്റകൃത്യം മറച്ചുവെക്കാൻ സഹായിച്ചുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. അന്വേഷണം നടക്കുന്നതിന് മുൻപ് മന്ത്രി ചിഞ്ചു റാണി ഡീനിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഡീൻ നാരായൺ 7 വർഷമായി തൃശൂരിൽ അനധികൃതമായി ക്വോർട്ടേഴ്‌സ് കയ്യേറി വെച്ചിരിക്കുന്നു. എസ്എഫ്ഐയെ സംരക്ഷിക്കുന്ന നിലപാടാണ് ഡീൻ മുമ്പും എടുത്തത്.
സെക്രട്ടേറിയറ്റിനകത്ത് മരപ്പട്ടികളുടെ ഭരണം നടക്കുന്നതുകൊണ്ടാണ് സിദ്ധാർത്ഥനെ പോലെയുള്ളവർ കൊല്ലപ്പെടുന്നത്. മുഖാമുഖം നടത്തുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് സിദ്ധാർത്ഥന്‍റെ കുടുംബത്തെ സന്ദർശിക്കാത്തതെന്നും രാഹുൽ ചോദിച്ചു. സിദ്ധാർത്ഥിനെ സിപിഎം ഹാന്‍റിലുകൾ വെർച്വൽ കില്ലിംഗ് നടത്തുന്നു.
സിദ്ധാർത്ഥ് തൂങ്ങിയ തുണി ഫോറൻസിക്കിന് അയക്കുമ്പോൾ സംസ്ഥാന ഗവൺമെന്‍റിന്‍റെ ഇടപെടൽ ഉണ്ടാവരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് കേരള പൊലീസിനെ ഭരിക്കുന്നത്. കുടുംബത്തിലും പൊതുജനങ്ങൾക്കും പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ കേസ് അന്വേഷിക്കണമെന്നും നിരാഹാര സമരം ഉദ്ഘാടനം ചെയ്‌ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സമരം കേരളം മുഴുവൻ പടരുമെന്നും ദുർഭരണം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.