എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്, വിചാരണ പൂർത്തിയാകും വരെ സംസ്ഥാനം വിടരുത്, തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, അൻപതിനായിരം രൂപയുടെ ബോണ്ട് ,തത്തുല്യ ആൾ ജാമ്യം ,പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
പ്രതികൾ സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചതിനു മതിയായ തെളിവുകളില്ല, സമൂഹത്തിൻ്റെ വികാരം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചു. കൂടാതെ തൂങ്ങിയതിൻ്റെ മുറിവുകളല്ലാതെ സിദ്ധാർത്ഥൻ്റെ ശരീരത്തിൽ മറ്റ് മുറിവുകൾ ഉണ്ടായിരുന്നില്ലെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആധാരമാക്കിയുള്ള പ്രതിഭാഗം വാദം വിശ്വസനീയമായി കണക്കാക്കാമെന്നും കോടതി വ്യക്‌തമാക്കി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 34 -ാം വകുപ്പ് നീക്കം ചെയ്‌ത പ്രോസിക്യൂഷൻ നടപടിയും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും വിദ്യാർത്ഥികളാണെന്ന കാര്യവും കോടതി പരിഗണിച്ചു. കേസ് ഡയറി കൂടി പരിശോധിച്ചശേഷമാണ് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചത്. റാഗിങ്, ആത്മഹത്യാപ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളായിരുന്നു 19 പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുകയാണെന്നും പ്രതികൾ വാദിച്ചിരുന്നു.
സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും, പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും വാദത്തിനിടെ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 18 ആണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെത്തുടർന്ന് സിദ്ധാർഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ.