തിരുവനന്തപുരം : പൂക്കോട് വെറ്റനറിറി സര്‍വകലാശാലയിലെ സിദ്ധാർഥിന്‍റെ മരണത്തിൽ സർക്കാർ ചതിച്ചുവെന്നും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്നും ജയപ്രകാശ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
20 ദിവസമായി കയറി ഇറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടിയെന്നും വീഴ്‌ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണെന്നും ജയപ്രകാശ് ആരോപിച്ചു. താഴെ തട്ടിൽ മാത്രം നടപടികൾ ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ അടുത്ത് പോയാൽ തന്നെയും കൊല്ലും. അതിനാലാണ് അവരുടെ അടുത്ത് പോകാത്തത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പ്രതി ചേർക്കണം. ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ടെന്നും എട്ട് മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അറിയാതിരിക്കുമോയെന്നും ജയപ്രകാശ് ചോദിച്ചു.
എംഎം മണി സംരക്ഷിക്കുന്ന അക്ഷയ്‌യെ തുറന്നു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധാർഥിനെ ചതിച്ച പെൺകുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല. 41 കഴിഞ്ഞതിനു ശേഷം പ്രതിഷേധവുമായി ഇറങ്ങും എന്നായിരുന്നു അറിയിച്ചത്. ഇനി പ്രതിഷേധവുമായി പോകും.
ആഭ്യന്തരവകുപ്പ് തന്നെ പറഞ്ഞു പറ്റിച്ചു. തുടക്കത്തിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചു. അക്ഷയ്‌യെ സംരക്ഷിക്കുന്നത് എന്തിനാണ്? ഭാര്യയുടെ ആരോഗ്യം മോശം ആയത് കൊണ്ടാണ് ഇപ്പോൾ പ്രതിഷേധവുമായി പോകാത്തത്. കണ്ണിൽ പൊടിയിട്ട് ചുമ്മാ ഇരിക്കാമെന്ന് കരുതിയോ എന്നും സിദ്ധാർഥിന്‍റെ പിതാവ് ചോദിച്ചു. ഭാര്യയുടെ ആരോഗ്യം മെച്ചപ്പെട്ടാൽ ക്ലിഫ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കും.
റാഗിങ്ങിൽ ഉൾപ്പെട്ടിരുന്ന പെൺകുട്ടികൾക്കെതിരെ കേസ് എടുക്കുക, അക്ഷയ്‌ക്കെതിരെ കേസ് എടുക്കുക എന്നതാണ് ആവശ്യം. സിബിഐ അന്വേഷണം വരും മുന്നേ കേരള പൊലീസിന്‍റെ അന്വേഷണം നിലച്ചു. കേസ് അട്ടിമറിച്ചു എന്ന് കാണിച്ചാണ് സമരത്തിന് പോകുന്നത്. പല രാഷ്ട്രീയ നേതാക്കളെയും കണ്ടിട്ടുണ്ട്. ആരും രാഷ്ട്രീയപരമായി തന്നെ സമീപിച്ചിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പ് അല്ല. ആർഷോയെയും പ്രതി ചേർത്ത് കേസ് എടുക്കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.