എറണാകുളം : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ വ്യക്തത തേടി സിബിഐ. ഡല്‍ഹി എയിംസില്‍ നിന്നും നിയമോപദേശം തേടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം എയിംസിലേക്ക് അയച്ചാണ് സംഘം നിയമോപദേശം തേടിയത്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്, പോസ്‌റ്റ്‌മോര്‍ട്ടം നടക്കുന്ന സമയത്തെടുത്ത ഫോട്ടോഗ്രാഫുകൾ എന്നിവ എയിംസിലെ മെഡിക്കൽ ബോർഡ് പരിശോധിക്കും.
സഹപാഠികളില്‍ നിന്നുള്ള ആക്രമണവും അപമാനവുമാണ് സിദ്ധാര്‍ത്ഥനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടാമതൊരു വിദഗ്‌ധ അഭിപ്രായം വേണമെന്നാണ് സിബിഐയുടെ നിലപാട്. ബോർഡിന്‍റെ വിദഗ്‌ധ അഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്ന് സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എസ്‌പി എം സുന്ദര്‍വേലിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 6നാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. 19 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
സിദ്ധാർത്ഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. രണ്ട് ദിവസം നഗ്നനാക്കി മർദിച്ചുവെന്നും പരിക്കേറ്റ വിദ്യാര്‍ഥിക്ക് വൈദ്യ സഹായം നല്‍കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വേണമെന്ന നിലപാടിലാണ് എയിംസിന്‍റെ നിയമോപദേശം തേടിയുള്ള നടപടി.
ക്രൂര റാഗിങ്ങിന് ഇരയായിട്ടാണ് മകന്‍ മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധാര്‍ത്ഥന്‍റെ കുടുംബം പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പിന്നീട് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്‍റെ മരണം ഗുരുതരമാണെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ട് പ്രതികള്‍ നല്‍കിയ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.