എറണാകുളം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിലെടുത്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഈ മാസം 14 ലേക്ക് മാറ്റി. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിയത്. മെറിറ്റിൽ വാദം കേൾക്കണമെന്നും സി.ബി.ഐ നിലപാടെടുത്തു.
അതേസമയം അന്തിമ റlപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റേണ്ടതില്ലെന്നായിരുന്നു പ്രതികളുടെ നിലപാട്. കേസിൽ അന്തിമ റിപ്പോർട്ട് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു .പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് ,പോസ്‌റ്റ് മോർട്ടം സമയത്തെടുത്ത ഫോട്ടോഗ്രാഫുകൾ ,എന്നിവ ഡൽഹി എയിംസിലെ മെഡിക്കൽ ബോർഡ് പരിശോധിക്കും, സിദ്ധാർഥിന്‍റെ മരണം സംബന്ധിച്ച് ബോർഡിന്‍റെ വിദഗ്‌ധാഭിപ്രായത്തിനായി കാത്തിരിക്കുകയാണെന്നും സി.ബി.ഐ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ 19 പ്രതികളുണ്ട്.
ഈ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തുകയും ,സിദ്ധാർഥിനെ അതിക്രൂരമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തു. ബെൽറ്റ്, കേബിൾ എന്നിവ ഉപയോഗിച്ചാണ് സിദ്ധാർഥിനെ പ്രതികൾ മർദിച്ചത്. തല്ലുകയും ,ചവിട്ടുകയും ചെയ്‌തതിന് പുറമേ അടിവസ്ത്രത്തിൽ നിർത്തി അപമാനിച്ചു. പൊതുവിചാരണയ്ക്ക് വിധേയനായ സിദ്ധാർഥ് മാനസികമായി തകർന്നു ,ശാരീരികമായ ആക്രമണവും അപമാനവും സിദ്ധാർഥിനെ ആത്മഹത്യയിലേക്ക് നയിച്ചു.
എന്നിരുന്നാലും രണ്ടാമതൊരു വിദഗ്‌ധ അഭിപ്രായം ഇക്കാര്യത്തിൽ വേണമെന്നാണ് സി.ബി.ഐയുടെ നിലപാട്. അതേസമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസത്തിലേറെയായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുകയാണെന്നും ജാമ്യം നൽകണമെന്നുമാണ് ഹർജിക്കാരുടെ വാദം.