ആലപ്പുഴ: ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം നിഷേധിച്ച് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. നന്ദകുമാറിന്‍റെ ആരോപണം ആലപ്പുഴയിലെ തൻ്റെ വിജയം മുന്നിൽ കണ്ടാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ദല്ലാൾ നന്ദകുമാറിൽ നിന്നും പത്ത് ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ച ശോഭ ഭൂമി വിൽപനയുടെ അഡ്വാൻസ് തുകയാണതെന്നും വിശദീകരിച്ചു.
രണ്ടുവർഷം മുമ്പ് തൃശൂരിൽ വച്ച് നന്ദകുമാർ തന്നെ വന്നു കണ്ടിരുന്നു. കണ്ണൂരിലെ ഉന്നതനായ സിപിഎം നേതാവിനെ ബിജെപിയിൽ എത്തിക്കാമെന്ന് നന്ദകുമാർ പറഞ്ഞു. ഇതിന് പ്രതിഫലമായി കോടികൾ ആവശ്യപ്പെട്ടു. ആ ഉന്നതൻ ആരെന്ന് നന്ദകുമാർ പറയണം.
നന്ദകുമാർ നാണംകെട്ടവനും നെറികെട്ടവനുമാണെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അതേസമയം നന്ദകുമാറിൽ നിന്ന് എട്ട് സെൻ്റ് സ്ഥലത്തിൻ്റെ വിലയായാണ് 10 ലക്ഷം രൂപ വാങ്ങിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. അക്കൗണ്ടിലാണ് പണം വാങ്ങിയത്.
എന്നാൽ ഭൂമി വാങ്ങാമെന്ന് പറഞ്ഞ് വഞ്ചിച്ചിനാലാണ് താൻ അഡ്വാൻസ് തുക തിരികെ നൽകാത്തത്. ഭൂമി ആർക്കും ഇതുവരെ വിറ്റിട്ടില്ലെന്നും നന്ദകുമാറിന് താൻ ഭൂമി മാത്രമേ നൽകൂവെന്നും ശോഭ പറഞ്ഞു. ഇത്രയും നാൾ നന്ദകുമാർ ഇക്കാര്യം പറയാതിരുന്നത് എന്തുകൊണ്ടെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണം ഇങ്ങനെ: 2023 ജനുവരി നാലിന് ഡല്‍ഹി പാർലമെന്‍റ് സ്‌ട്രീറ്റിലെ എസ്ബിഐ ബ്രാഞ്ചില്‍ നിന്ന് ശോഭന എന്ന അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നാണ് നന്ദകുമാർ പറയുന്നത്. ബാങ്ക് രസീതിന്‍റെ പകർപ്പ് ഇയാൾ പുറത്തുവിടുകയും ചെയ്‌തു. ശോഭ എന്ന പേരിലുള്ള ആള്‍ ശോഭന സുരേന്ദ്രനാണ്.
പല തവണ ആവശ്യപ്പെട്ടിട്ടും 10 ലക്ഷം രൂപ ശോഭ തിരികെ നല്‍കിയില്ല. ശോഭയുമായി അടുത്ത ബന്ധമുള്ള കേന്ദ്രങ്ങള്‍ തന്നെ സമീപിക്കുകയും പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് പേര് പുറത്തുവിടുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.
ശോഭ സുരേന്ദ്രന്‍റെ ഫോട്ടോ പതിപ്പിച്ച ആധാരവുമായി ബന്ധപ്പെട്ട ഭൂമിയിടപാടിനാണ് പണം നല്‍കിയത്. തന്‍റെ ആരോപണം നിഷേധിച്ചാല്‍ ശോഭക്കെതിരായ കൂടുതല്‍ രേഖകള്‍ പുറത്തുവിടും. ഭൂമിയിടപാടില്‍ കരാർ ഉണ്ടായിരുന്നില്ലെന്നും ശോഭ നേരിട്ട് വിളിച്ചിരുന്നതായും നന്ദകുമാർ വാർത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ALSO READ: 'അനില്‍ ആന്‍റണിക്ക് 25 ലക്ഷം, ശോഭ സുരേന്ദ്രന് 10 ലക്ഷം'; തെളിവുകൾ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍