കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു പീഡനത്തിനിരയായ സംഭവത്തില്‍ കേസെടുക്കുന്നതില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. എസ്‌എച്ച്‌ഒ സരിനെതിരെയാണ് നടപടി. ഉത്തര മേഖല ഐജി സേതുരാമനാണ് സസ്പെൻഷൻ പുറപ്പെടുവിച്ചത്.
ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. പരാതി നല്‍കാനെത്തിയ യുവതിയോടും കുടുംബത്തോടും അപമര്യാദയായി പെരുമാറുകയും കേസിന്‍റെ ഗൗരവം കണക്കിലെടുക്കാതെ പ്രതിക്ക് നാടുവിടാന്‍ സാഹചര്യം ഒരുക്കിയതും പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ് കണക്കാക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് ഏതാനും ദിവസം മുമ്പാണ് സരിന്‍ എസ്‌എച്ച്‌ഒ ആയി ചുമതലയേറ്റത്. സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചക്കെതിരെ നാളെ (മെയ് 16) വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പറവൂര്‍ സ്വദേശിനിയാണ് പന്തീരാങ്കാവിലെ ഭര്‍തൃ വീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്. വിവാഹ സത്‌കാരത്തിനെത്തിയ ബന്ധുക്കള്‍ യുവതിയുടെ ദേഹത്തെ പരിക്കുകള്‍ കണ്ടതോടെ കാര്യം തിരക്കുകയായിരുന്നു. മുഖത്തും കഴുത്തിലുമാണ് മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നത്. ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് യുവതി മര്‍ദന വിവരം പറഞ്ഞത്. മെയ് 5ന് എറണാകുളത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം.