എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ ഷൈൻ ടോം ചാക്കോ. റിപ്പോർട്ടിൽ പറഞ്ഞതുപോലുള്ള കാര്യങ്ങൾ എല്ലാ സിനിമാ മേഖലയിലും സംഭവിക്കുന്നതാണ്. എല്ലാം അംഗീകരിക്കുന്നു.
പക്ഷേ മലയാള സിനിമയിൽ മാത്രമാണ് ഇത്തരം ചൂഷണങ്ങളും അതിക്രമങ്ങളും നടക്കുന്നു എന്ന തരത്തിലുള്ള വാദങ്ങളോട് യോജിപ്പില്ല. ജനിച്ചു വളർന്ന സാഹചര്യങ്ങളിലും ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയും സ്‌ത്രീ-പുരുഷ വിവേചനം നേരിടുന്നുണ്ട്. അതൊരു യാഥാർഥ്യമാണ്.
പക്ഷേ റിപ്പോർട്ടിൽ പറയുന്നതുപോലെ ആരും ആരെയും ഇവിടെ പീഡിപ്പിക്കുന്നില്ല. ഞാൻ എന്തായാലും ആരെയും പീഡിപ്പിക്കില്ല. പുതുതായി കടന്നുവരുന്ന ഒരു പെൺകുട്ടിയും അവസരങ്ങൾക്ക് വേണ്ടി പീഡനത്തിന് ഇരയാകാൻ സാധ്യതയില്ല. ഇനി ആ പെൺകുട്ടിക്ക് അങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വന്നാൽ കരണം നോക്കി ഒരു അടി കൊടുത്താൽ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ഷൈൻ ടോം വ്യക്തമാക്കി.
235 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന നിരവധിയായ വെളിപ്പെടുത്തലുകളാണുള്ളത്. നടിമാര്‍ക്ക് കാസ്റ്റിങ് കൗച്ച് എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് മാഫിയകളാണ്. പ്രമുഖ നടന്മാരും നിര്‍മാതാക്കളും സംവിധായകരും പീഡിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുന്നു എന്നിങ്ങനെയാണ് ഇരകളുടെ വെളിപ്പെടുത്തലുകള്‍.