ഇടുക്കി: അടിമാലിയില്‍ കൃഷിയിടത്തില്‍ ജാതിക്ക ഉണങ്ങാന്‍ നിര്‍മ്മിച്ചിരുന്ന ഷെഡിന് തീപിടിച്ചു. 60 കിലോ ജാതിക്കായും 2 കിലോ ജാതി പത്രിയും തീപിടുത്തത്തില്‍ കത്തി നശിച്ചു. അടിമാലി അഗ്നിശമന സേന യൂണിറ്റെത്തി തീയണച്ചു. അടിമാലി ബി എസ് എന്‍ എല്‍ എക്‌സ്‌ചേഞ്ചിന് സമീപം കൃഷിയിടത്തില്‍ ജാതിക്ക ഉണങ്ങാന്‍ നിര്‍മ്മിച്ചിരുന്ന ഷെഡിന് തീപിടിച്ചു.
ഷെഡില്‍ ഉണങ്ങാന്‍ സൂക്ഷിച്ചിരുന്ന 60 കിലോ ജാതിക്കായും 2 കിലോ ജാതി പത്രിയുമാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. തീപിടുത്തത്തിന് ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് വ്യക്തതയില്ല. ഹരികുമാര്‍ എന്നയാളുടെ കാര്‍ഷികോത്പന്നങ്ങളാണ് കത്തി നശിച്ചത്. തീ പിടുത്തമുണ്ടായ സമയം ജാതിക്കാ ഉണങ്ങാനിട്ടിരുന്ന ഷെഡില്‍ ആളുണ്ടായിരുന്നില്ല. സമീപവാസികളാണ് വിവരം ഉടമയെ വിളിച്ചറിയിച്ചത്.
അതേസമയം കാസര്‍കോട് മഞ്ചേശ്വരം കുബണൂർ മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ വീണ്ടും വൻ തീപിടുത്തം. പത്ത് ദിവസത്തിനിടെ രണ്ടാമത്തെ തീപിടുത്തമാണ് ഇവിടെ ഉണ്ടായത്. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് നിന്നുള്ള മൂന്നു അഗ്നിരക്ഷ യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല. പുകയും ചൂടും പ്ലാസ്റ്റിക് കത്തിയ ഗന്ധവും വെല്ലുവിളിയാണ്.
ഈ മാസം 12 നും ഇവിടെ തീപ്പിടുത്തം ഉണ്ടായിരുന്നു. അന്ന് 20 മണിക്കൂർ എടുത്താണ് തീ അണച്ചത്. അന്ന് മാലിന്യകേന്ദ്രത്തിൽ കൂട്ടിയിട്ട ടൺകണക്കിന് പ്ലാസ്റ്റിക് വസ്‌തുക്കളും മാലിന്യം വേർതിരിക്കാനായി നിർമിച്ച കെട്ടിടവും ഉപകരണങ്ങളും കത്തിനശിച്ചു. ഒരു കോടി രൂപയുടെ നഷ്‌ടമാണ് അന്ന് ഉണ്ടായത്. മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് കുബണൂരിലേത്. മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിച്ചാണ് സംസ്‌കരിക്കുന്നത്.
17 വർഷം മുൻപാണ് ഇവിടെ മാലിന്യസംസ്‌കരണ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്. കുബണൂരിൽ സംസ്‌കരണത്തിന് ശാസ്‌ത്രീയ സംവിധാനമില്ലാത്തതിനാൽ ടൺകണക്കിന് മാലിന്യമാണിവിടെ കൂട്ടിയിട്ടിരിക്കുന്നത്. വർഷങ്ങളായി ഇത് കുന്നുകൂടി ഇവിടെയുണ്ടായ മാലിന്യമല നാട്ടുകാർക്ക് തലവേദനയായിരുന്നു.