തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാനാർഥി താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശശി തരൂർ എം പി. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്ന സാഹചര്യത്തിലാണ് നിലവിലെ എം പി യുടെ പ്രതികരണം. പ്രഖ്യാപനം വരുന്നതിന് മുമ്പ് പ്രചാരണത്തിനിറങ്ങുന്നത് ശരിയല്ല. നിലവിൽ ജനവിശ്വാസം കിട്ടിയ എം പി ആയി പ്രവർത്തിക്കുന്നു. അതിന്‍റെ ഭാഗമായാണ് പല ഇടങ്ങളിലും ഇപ്പോൾ പോകുന്നതെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആദ്യമായാണ് ജനങ്ങളുടെ വോട്ട് തേടാൻ രാജീവ് ചന്ദ്രശേഖർ ഇറങ്ങുന്നത്. തിരുവനന്തപുരത്തിന്‍റെ വികസനത്തിനു വേണ്ടി പലതും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഐ ടി മേഖലയിൽ അടക്കം വികസനങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞു. ഞാൻ വോട്ട് ചോദിക്കുന്നത് എന്‍റെ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടിയാണ്. ഞാൻ ഹിന്ദുമത വിശ്വാസിയാണ് പക്ഷെ ഹിന്ദുത്വയോട് യോജിപ്പില്ല. ഹിന്ദുത്വ എന്ന് പറഞ്ഞാൽ ഹിന്ദു സമുദായവുമായി ബന്ധമില്ല. ഹിന്ദുത്വയെ ഞാന്‍ എതിർക്കുമെന്നും ശശി തരൂർ പറഞ്ഞു.
ജനങ്ങൾക്ക് എന്താണ് തന്‍റെ വികസനം എന്നറിയാം, അത് ചൂണ്ടിക്കാട്ടിയാണ് മുന്നോട്ടേക്ക് പോകുന്നതെന്നും തരൂർ വ്യക്തമാക്കി. 15 വർഷം ഒപ്പം പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഇനിയും മുന്നോട്ട് പോകും. പാർട്ടിക്ക് ഒരു നിലപാടുണ്ട് അത് എപ്പോളും പറയും. ഇടതുപക്ഷത്തിന്‍റെ ആക്രമണ രാഷ്ട്രീയത്തിനെതിരെ എതിർപ്പുണ്ട്.
പലപ്പോഴും അതിനെതിരെ നിലപാടുകൾ എടുത്തിട്ടുണ്ട്. സർക്കാരിനോട് പലവട്ടം അത് അവസാനിപ്പിക്കണം എന്നും പറഞ്ഞിട്ടുണ്ട്. എവിടെ എംപി എന്ന ഇടതു മുന്നണിയുടെ ചോദ്യത്തിന് സോഷ്യൽ മീഡിയകൾ നോക്കൂ എന്നും ശശീ തരൂർ പറഞ്ഞു. മാസത്തിൽ 10 ദിവസം കൃത്യമായി ഇവിടെ ഉണ്ടാകാൻ ശ്രമിക്കാറുണ്ട്. തിരുവനന്തപുരത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും പോയിട്ടുണ്ട്. പോകാത്ത ഒരിടം പോലുമില്ല.
എല്ലാ മനുഷ്യരും നേരിട്ട് കണ്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ എപ്പോളും ഒപ്പം ഉണ്ടായിരുന്നു. ഓഖി വന്നപ്പോൾ അത് എല്ലാവരും കണ്ടതാണ്. എന്നെ തിരഞ്ഞെടുത്തത് തിരുവനന്തപുരത്ത് ഇരിക്കാൻ അല്ല ഡൽഹിയിൽ പോയി ഇവിടത്തെ ശബ്‌ദം കേൾപ്പിക്കാൻ ആണെന്നും ശശി തരൂർ വ്യക്തമാക്കി.
Also Read : 'ജയിപ്പിച്ച് വിടണേ എന്ന അഭ്യർഥന മാത്രം, ജനങ്ങൾക്ക് തളളിപ്പറയാൻ കഴിയില്ല'; പ്രതികരിച്ച് സുരേഷ് ഗോപി