കണ്ണൂർ : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് അധ്യാപകൻ ഷാജിയുടെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമാണെന്ന് കെ സുധാകരൻ എംപി. കുറച്ച് നാളുകളായി എസ്എഫ്ഐ എന്ന ഭീകര സംഘടനയുടെ കൊടും ക്രൂരതകളുടെ വാർത്തകൾ പുറത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെന്നല്ല, ഇന്ത്യ എന്ന രാജ്യത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ് സിദ്ധാർഥിൻ്റെ മരണത്തിൽ നമ്മൾ കണ്ടത്. എത്രയോ ക്യാമ്പസുകളിൽ കെഎസ്‌യുവിനും മറ്റ് പല സംഘടനകൾക്കും സംഘടന പ്രവർത്തനം നടത്താനുള്ള അവകാശം നിഷേധിക്കുന്ന ക്രിമിനൽ സംഘമായി എസ്എഫ്ഐ മാറിയിരിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. കലോത്സവത്തിൽ മാർഗംകളിയിൽ തങ്ങൾ പറഞ്ഞ മത്സരാർഥിക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതാക്കൾ മത്സരത്തിന്‍റെ ജഡ്‌ജായ ഷാജി എന്ന അധ്യാപകനെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ തല്ലുകയും ചെയ്‌തതായി തൻ്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞുവെന്ന് കെ സുധാകരൻ വ്യക്തമാക്കി.
നിഷ്‌പക്ഷനായ അധ്യാപകനെ സത്യസന്ധമായി ജോലി ചെയ്യാനനുവദിക്കാതെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ഈ ദാരുണ മരണത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ക്രിമിനലുകളെ കയറൂരി വിട്ട് അക്രമം തുടർന്നാൽ അതിനെതിരെ കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധം തുടങ്ങേണ്ട സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു. മരിച്ച ഷാജിയുടെ ഭാര്യയേയും ബന്ധുക്കളെയും വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർവകലാശാല കോഴക്കേസ് ; ഷാജിയടക്കമുള്ളവർക്കെതിരായ എഫ്‌ഐആർ പുറത്ത് : കേരള സര്‍വകലാശാല കലോത്സവ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വിധികര്‍ത്താവ് പി എൻ ഷാജി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഇദ്ദേഹം അടക്കമുള്ളവര്‍ക്കെതിരായ എഫ്ഐആർ പുറത്ത്. എസ്എഫ്ഐ ജില്ല പ്രസിഡന്‍റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദൻ എൻ എ കന്‍റോൺമെന്‍റ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഷാജി, ജോമെറ്റ്, സൂരജ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇവർക്കെതിരെ ഐപിസിയിലെ 406, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
മാർഗംകളി മത്സരത്തിന്‍റെ ജഡ്‌ജായിരുന്ന ഷാജി യൂണിവേഴ്‌സിറ്റി നിർദേശങ്ങൾ ലംഘിച്ച് പരിശീലകരായ ജോമെറ്റ്, സൂരജ് എന്നിവരുടെ സ്വാധീനത്തിന് വഴങ്ങി വിധി നിർണയത്തിൽ കൃത്രിമം കാണിച്ചുവെന്നും കേരള യൂണിവേഴ്‌സിറ്റിയോടും പ്രോഗ്രാം കമ്മിറ്റിയോടും മറ്റ് മത്സരാർഥികളോടും വിശ്വാസ വഞ്ചന ചെയ്‌തെന്നുമാണ് എഫ്ഐആറിലുള്ളത്.
ALSO READ : കലോത്സവ കോഴക്കേസ്; പ്രതിയായ വിധികർത്താവ് മരിച്ച നിലയിൽ