പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിൽ വന്ന കുറവ് യുഡിഎഫിനെ ബാധിക്കില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാണ് എന്ന ബിജെപിയുടെ വാദം പൊളിയുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വികെ ശ്രീകണ്‌ഠൻ എംപിക്കൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം മികച്ച പോളിങ്ങാണ് നടന്നത്. ബിജെപി ജയിക്കുമെന്ന അവരുടെ അവകാശവാദം ശനിയാഴ്‌ച പൊളിയുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. എന്ത് അടിസ്ഥാനത്തിലാണ് പോളിങ് ശതമാനക്കുറവ് യുഡിഎഫിനെ ബാധിക്കുമെന്ന് പറയുന്നത് എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിരായിരിയിലെ യുഡിഎഫ് കേന്ദ്രങ്ങളിൽ മികച്ച പോളിങ്ങാണ് ഉണ്ടായത്. നഗരസഭയിൽ ബിജെപിക്ക് മേൽക്കയ്യുള്ള സ്ഥലങ്ങളിലാണ് വോട്ടർമാരുടെ കുറവ് കണ്ടത്. യുഡിഎഫിന് ആത്മവിശ്വാസക്കുറവില്ല. വോട്ടെണ്ണുന്ന ദിവസം അത് വ്യക്തമാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ബിജെപിക്ക് ഏറ്റവും അധികം വോട്ട് പിരായിരിയിൽ ലഭിച്ചെന്ന് അവർ പറയുന്ന 2021ലെ തെരഞ്ഞെടുപ്പിൽ 26,015 വോട്ടാണ് പോൾ ചെയ്‌തത്. 25,000 വോട്ടാണ് ലോക്‌സഭയിൽ പോൾ ചെയ്‌തത്. 26,200 വോട്ടുകളാണ് ഈ തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌തത്.
യുഡിഎഫ് ശക്തികേന്ദ്രമെന്ന് പറയുന്ന സ്ഥലത്ത് ഈ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്‌തത് ഈ തെരഞ്ഞെടുപ്പിലാണ്. ഇനി അവരുടെ ശക്തികേന്ദ്രമെന്ന് പറയുന്ന വെസ്‌റ്റിൽ 16,223 വോട്ട് അന്നവർക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം ഇപ്രാവശ്യം പോൾ ചെയ്‌തത് 15,930 വോട്ടാണ്. കൽപാത്തിയിലെ ഒരു ബൂത്തിൽ 72 ബിജെപിക്കാർ വോട്ട് ചെയ്‌തില്ല. മറ്റ് രണ്ട് തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു കണക്കും ഈ തെരഞ്ഞെടുപ്പിലെ പോളിങ്ങുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ബാലറ്റ് അക്കൗണ്ടിൽ ഇല്ലെന്ന് പാലക്കാട്ടെ പൊതുജനങ്ങളുടെ മുമ്പാകെ അറിയിക്കുന്നുവെന്ന് ഷാഫി വ്യക്തമാക്കി.
പാലക്കാട് നിന്ന് ഒരു എംഎൽഎ ഈ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് പോകുമെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിലാകും. അതിൽ ആർക്കും സംശയം വേണ്ട. അന്തിമ കണക്കുകൾ ലഭിക്കാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സംശയാസ്‌പദ വോട്ടർമാരുടെ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ