കോഴിക്കോട്: വർഗീയതയുടെ ചാപ്പ തന്‍റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്ന് വടകര യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിൽ. ഇപി ജയരാജൻ വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വർഗീയ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുളള കൂടിക്കാഴ്‌ച മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഷാഫി ആരോപിച്ചു.
തലയിൽ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത്. വടകര വർഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ല. അത്തരം ശ്രമങ്ങൾക്കെതിരെ യുഡിഎഫ് ജനകീയ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാവദേക്കർ- മുഖ്യമന്ത്രി കൂടിക്കാഴ്‌ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.
പി ജയരാജൻ പറഞ്ഞതിങ്ങനെ: ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ ഷാഫി പറമ്പിലിനെതിരെ വിമർശനമുന്നയിച്ചത്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി"യെപ്പോലെയാണ് ഷാഫി പറമ്പിലെന്നായിരുന്നു ജയരാജന്‍റെ പരിഹാസ പരാമർശം.
വിഷലിപ്‌തമായ പ്രചരണങ്ങൾക്ക് പിന്നിൽ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണെന്നും എന്തൊക്കെ തറവേല കാണിച്ചാലും എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ വിജയിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.