എറണാകുളം: കെഎസ്‌ഐഡിസിക്ക് (Kerala State Industrial Development Corporation) ഹൈക്കോടതിയിൽ തിരിച്ചടി. എക്‌സ്‌ലോജിക് സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട എസ്എഫ് ഐഒ (Serious Fraud Investigation Office) പരിശോധനയടക്കമുള്ള നടപടികൾ തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തെ കെഎസ്ഐഡിസി ഭയക്കുന്നതെന്തിനെന്നും ഹൈക്കോടതി (kerala HC dismisses KSIDC's plea in SFIO investigation).
വീണാ വിജയന്‍റെ എക്‌സലോജിക് കമ്പനിയും സിഎംആർ എല്ലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ പരിശോധന നടക്കുന്നതിനിടയിലാണ് കെഎസ്ഐഡിസി അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്വേഷണവും പരിശോധനയും രേഖകൾ ആവശ്യപ്പെട്ട നടപടിയും ചോദ്യം ചെയ്‌തായിരുന്നു ഹർജി.
അറിയിപ്പ് നൽകാതെയാണ് എസ്എഫ്ഐഒ പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. എന്നാൽ എന്തിനാണ് അന്വേഷണത്തെ കെഎസ്ഐഡിസി ഭയക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ മറുചോദ്യം.
നാളെയും മറ്റന്നാളും എസ്എഫ്ഐഒ പരിശോധനയുണ്ടെന്ന് കെഎസ്ഐഡിസിയുടെ അഭിഭാഷകൻ അറിയിച്ചപ്പോൾ ഒളിയ്ക്കുവാനെന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി മറുപടി നൽകിയത്. ഒന്നും ഒളിയ്ക്കാനില്ലെന്നും കെഎസ്ഐഡിസിയും വ്യക്തമാക്കി.
പിന്നെന്തിന് ഭയക്കണമെന്ന് ചോദ്യമുന്നയിച്ച കോടതി എസ്എഫ്ഐഒ യുടെ പരിശോധനയും രേഖകൾ ആവശ്യപ്പെട്ടതടക്കമുള്ള അന്വേഷണ നടപടിയും സ്‌റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം തള്ളി.
അതിനിടെ അന്വേഷണവുമായി കെഎസ്ഐഡിസി സഹകരിക്കണമെന്നും സത്യം പുറത്തു വരേണ്ടതുണ്ടെന്നും കേന്ദ്രം വാക്കാൽ കോടതിയെ അറിയിച്ചു. അതേസമയം കെഎസ്ഐഡിസി യുടെ ഹർജിയിൽ കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട ഹൈക്കോടതി കേസ് ഈ മാസം 12 ലേക്ക് മാറ്റി.