കണ്ണൂർ : മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴിയാണ് മട്ടന്നൂരിൽ പ്രതിഷേധമുണ്ടായത്. പ്രതിഷേധം കനത്തതോടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും താന്‍ പുറത്തിറങ്ങുമെന്നും ആരിഫ് ഖാൻ വ്യക്തമാക്കി.
വയനാട് സന്ദർശനം പൂർത്തിയാക്കി ഗവർണർ റോഡ് മാർഗം മട്ടന്നൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ഏതാനും എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചത്. ഗവർണറുടെ വരവ് മുൻകൂട്ടി അറിയാമായിരുന്ന പ്രവർത്തകർ കരിങ്കൊടിയുമായി അദ്ദേഹത്തിന്‍റെ വാഹനത്തിന് മുന്നിൽ വരെ എത്തി.
പ്രതിഷേധത്തെത്തുടർന്ന് ഗവർണറുടെ വാഹനവ്യൂഹം തടസപ്പെട്ടു. പിന്നാലെ ഗവർണർ തന്നെ വാഹനം നിർത്തിച്ച് കാറിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്‌ത് വാഹനത്തിലേക്ക് തിരികെ കയറ്റി.
കഴിഞ്ഞദിവസം ഗവർണറുടെ വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെയും മട്ടന്നൂരിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗം വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് മട്ടന്നൂർ ഇരിട്ടി റോഡിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
ഇന്നലെ ഗവർണർ വാഹനത്തിൽ നിന്ന് പ്രതിഷേധക്കാരെ കൈകൂപ്പി കാണിക്കുകയായിരുന്നെങ്കിൽ ഇന്ന് പുറത്തിറങ്ങി ശക്തമായി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് മർദ്ദിച്ചു എന്നാരോപിച്ച് വാഹനം തടയുകയും, പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്‌തിരുന്നു.