തിരുവനന്തപുരം: സിനിമ നടിയെ ബലം പ്രയോഗിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ ബലാത്സംഗ കുറ്റം ചുമത്തപ്പെട്ട മുകേഷിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച് സിപിഎം. ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്‍ററില്‍ ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗമാണ് മുകേഷ് തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ധാര്‍മികത ഉയര്‍ത്തി മുകേഷിന്‍റെ രാജി ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് സമാന സാഹചര്യത്തില്‍ ഇത് പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം മുകേഷിനെ പ്രതിരോധിക്കുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ഷൈലജയും മുകേഷിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തി. ആരോപണം വന്നതിന്‍റെ പേരില്‍ രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു ശൈലജയുടെ പ്രതികരണം. കോണ്‍ഗ്രസ് എംഎല്‍എമാരായ എം വിന്‍സെന്‍റും എല്‍ദോസ് കുന്നപ്പിള്ളിയും സമാന ആരോപണം നേരിട്ടപ്പോള്‍ രാജിവച്ചില്ലല്ലോ എന്നായിരുന്നു ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നാളെ (ഓഗസ്റ്റ് 30) സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതിനിടെ, മുകേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെ മുകേഷ് രാജിവയ്‌ക്കണമെന്ന ആവശ്യവുമായി സിപിഐ ദേശീയ നേതാവ് ആനി രാജ രംഗത്ത് വന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഐ ഇന്ന് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന പൊതു അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടതായാണ് സൂചന. നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെ കേസ് എടുത്തു കഴിഞ്ഞ പ്രത്യേക അന്വേഷണ സംഘം വൈകാതെ തുടര്‍ നടപടികളിലേക്ക് കടക്കും. പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷ മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചേക്കും.
അതിനിടെ മലയാള ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഒഴിവാക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന തരത്തില്‍ പ്രചാരണമുണ്ടായെങ്കിലും പിടിച്ചിറക്കാതെ മുകേഷ് സ്വയം ഒഴിയട്ടെ എന്ന സമീപനമാണ് സിപിഎം എടുത്തിട്ടുള്ളത്. എല്ലാ കാര്യത്തിലും നാളെ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
അതിനിടെ മുകേഷിന്‍റെ രാജിയാവശ്യപ്പെട്ട് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസും മഹിള കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് ഉയര്‍ത്തിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് മുകേഷിന്‍റെ തിരുവനന്തപുരത്തെയും കൊല്ലത്തെയും വീടുകള്‍ക്ക് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read : കുരുക്ക് മുറുകുന്നു; നടിയുടെ പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്